മാണിച്ചനും ഇത്തമ്മയും ഇലച്ചെടികളും! ആരോഗ്യ പരിപാലനത്തിലെ വടക്കഞ്ചേരി മോഡൽ
1281192
Sunday, March 26, 2023 6:54 AM IST
സ്വന്തം ലേഖകൻ
വടക്കഞ്ചേരി: ചെടികളെ പരിപാലിച്ച് പ്രായാധിക്യത്തിലും ആരോഗ്യം സംരക്ഷിക്കുന്ന അപൂർവ ദന്പതികളാണ് അഞ്ചുമൂർത്തിമംഗലത്തെ മൈലക്കച്ചാലിൽ മാണിച്ചനും ഭാര്യ ഇത്തമ്മയും. മാണിചേട്ടന് വയസ് 90 കഴിഞ്ഞു. ഇത്തമ്മക്കുമായി വയസ് 88. എന്നാൽ വീട്ടുവളപ്പിലെ പണികൾക്ക് ഇറങ്ങിയാൽ പിന്നെ ഇരുവർക്കും പ്രായമൊന്നും പ്രശ്നമല്ല. ഓടിനടന്ന് പണികൾ ചെയ്യും.
ചെടികളുടെ സംരക്ഷണത്തിനാണ് കൂടുതൽ സമയവും ചെലവഴിക്കുന്നത്. ഏറെ വർഷങ്ങളായി ഇങ്ങനെയാണ്. അഞ്ച് സെന്റ് വിസ്തൃതി വരുന്നതാണ് വീടിനോട് ചേർന്ന ചെടി തോട്ടം. പൂച്ചെടികൾ പേരിന് മാത്രമെ ഉള്ളൂ. എല്ലാം ഇല ചെടികൾ. ക്രോട്ടൻ കുടുംബത്തിൽപ്പെട്ട 65 ഇനം ഇല ചെടികളുണ്ട്. എല്ലാം കൃത്യമായി അകലം പാലിച്ചാണ് നട്ടുവളർത്തിയിട്ടുള്ളത്.
പ്രദേശത്തെ മണ്ണിൽ പൂച്ചെടികൾ വളരുന്നില്ലെന്നാണ് മാണിചേട്ടൻ പറയുന്നത്. അതിനാൽ മുറ്റം നിറയെ ഇല ചെടികളാക്കി. ദിവസവും പരിചരണവും നനയുമുണ്ട്. വേനലായതിനാൽ ജലസേചനത്തിന്റെ അളവിലും സമയത്തിലും വർധനവ് വരുത്തിയിരിക്കുകയാണ്. വർഷത്തിൽ ഒന്നോ രണ്ടോ തവണ ചെടികൾ വെട്ടി മനോഹരമാക്കും.
പാരന്പര്യമായി വർണ ചെടികളുടെ സംരക്ഷകരാണ് ഇവർ. പിതാവ് സെബാസ്റ്റ്യനും ജ്യേഷ്ഠ സഹോദരൻ പോൾ മാഷുമൊക്കെ ഇലചെടി വളർത്തുന്നതിൽ കന്പക്കാരായിരുന്നു. പ്രായം, വയസ് ഇങ്ങനെയുള്ള ചോദ്യങ്ങൾക്കൊന്നും പ്രസക്തിയില്ലെന്നാണ് മാണിച്ചേട്ടൻ പറയുന്നത്. ഓരോ വർഷം കഴിയുന്പോൾ ഓരോ വയസ് കൂടും.
അതൊന്നും അത്ര കാര്യമാക്കേണ്ടതില്ല. ദിനചര്യകൾ കൃത്യതയോടെ ചെയ്യുക. ദൈവ വിശ്വാസവും ഒപ്പം വ്യായാമവും വേണം. മാണിച്ചേട്ടന്റെയും ഇത്തമ്മയുടെയും ആരോഗ്യ രഹസ്യവും അങ്ങനെ ലളിതമാണ്. കേൾവികുറവോ, കാഴ്ചക്കുറവോ മറ്റു അസുഖങ്ങളോ ഒന്നുമില്ല. രാവിലെ പള്ളിയിൽ പോകാൻ ബുദ്ധിമുട്ടായതിനാൽ അതിരാവിലെ ടിവിയിൽ കുർബാന കണ്ടാണ് ഇവരുടെ ഒരു ദിവസം തുടങ്ങുക. പണികളെല്ലാം ഇരുവരും ഒരുമിച്ച് ചെയ്യും. കൂത്താട്ടുകുളം മുത്തോലപുരത്തുനിന്നും മൂന്ന് പതിറ്റാണ്ടു മുന്പാണ് കർഷകനായ മാണിച്ചനും കുടുംബവും മംഗലത്ത് എത്തുന്നത്. മക്കളെല്ലാം വിവാഹം കഴിഞ്ഞ് മറ്റു സ്ഥലങ്ങളിലാണ്. ഇടയ്ക്കിടെ എല്ലാവരും ഒത്തുകൂടുന്പോഴും ഇവരുടെ ചെടി സംരക്ഷണവും ആരോഗ്യ രഹസ്യങ്ങളുമെല്ലാം ചർച്ചയാകും.
മറ്റു എവിടേയും പോലെ പന്നി ശല്യമാണ് ഇവരെ വലക്കുന്നത്. വീടിനു പുറകിലെ വാഴകൃഷിയെല്ലാം പന്നി നശിപ്പിച്ച് ഇല്ലാതായി. ഇതിനാൽ വിളകളൊന്നും കൃഷി ചെയ്യാൻ പറ്റാത്ത സ്ഥിതിയിൽ ഇവർക്ക് വിഷമമുണ്ട്. വീട്ടുവളപ്പിലെ ഒരു മാവിന്റെ മാങ്ങ മുഴുവൻ അമ്മമാരെ സംരക്ഷിക്കുന്ന മംഗലം പാലത്തെ ദൈവദാൻ സെന്ററിലേക്കുള്ളതാണ്. കടുമാങ്ങ അച്ചാറിന് പറ്റിയ മാങ്ങയാണിത്.
ആധുനികതയുടെ മിന്നാപ്പുകളൊന്നും വീടിനുമില്ല. വലിയ പത്രാസൊന്നുമില്ലാത്ത പഴയ വീട്. വീടിനുള്ളിലാണെങ്കിൽ ഫോട്ടോ പ്രപഞ്ചമാണ്. മാണി സാറിനൊപ്പമുള്ള പടം മുതൽ നിരവധി പടങ്ങൾ ചുമരുകളിൽ തൂങ്ങി കിടക്കുന്നു. എല്ലാം ഓർമ്മകളായി ഇരിക്കട്ടെ എന്നാണ് മാണിച്ചേട്ടന്റെ കമന്റ്.