സൗദിയിൽ ഇന്ധന ടാങ്കറിന് തീപിടിച്ച് മലയാളി ഡ്രൈവർ മരിച്ചു
1281549
Monday, March 27, 2023 11:26 PM IST
പാലക്കാട്: സൗദിയിലെ ജുബൈലിൽ പെട്രോളുമായി പോയ ടാങ്കറിന് തീപിടിച്ച് പാലക്കാട് കല്ലേകുളങ്ങര സ്വദേശി വിനോദ് വിഹാറിൽ അനിൽകുമാർ ദേവൻ നായർ (56) മരിച്ചു. പാലക്കാട് കല്ലേകുളങ്ങര സ്വദേശിയാണ്.
ഞായറാഴ്ച ജുബൈൽ അബുഹദ്രിയ റോഡിലായിരുന്നു സംഭവം. ഇന്ധനവുമായി പോകവെയാണ് വാഹനം അപകടത്തിൽ പെട്ടത്. അപകടത്തിൽ അനിൽകുമാറിന് സാരമായ പൊള്ളലേൽക്കുകയും അപകട സ്ഥലത്തുവച്ചുതന്നെ മരിക്കുകയുമായിരുന്നു. ടാങ്കർ പൂർണമായും കത്തി നശിച്ചിരുന്നു. 14 വർഷമായി അനിൽകുമാർ സൗദിയിൽ ജോലിയിലുണ്ട്. മൃതദേഹം ജുബൈൽ ജനറൽ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കയാണ്. നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം നാട്ടിൽകൊണ്ടുവരുമെന്ന് ബന്ധുക്കൾ അറിയിച്ചു.