ത​രി​ശു​ഭൂ​മി​യെ ഹ​രി​ത​ഭൂ​മി​യാ​ക്ക​ാനു​ള്ള ശ്രമം തുടരും! വനമിത്ര അവാർഡ് സാ​രം​ഗ് ഗോ​പാ​ല​കൃ​ഷ്ണന്
Thursday, March 30, 2023 1:10 AM IST
അ​ഗ​ളി: വി​ശ്ര​മ​മി​ല്ലാ​തെ വ​ന​വ​ത്ക​ര​ണ​വു​മാ​യി മു​ന്നോ​ട്ടു​പോ​വു​ക​യാ​ണ് വ​ന​മി​ത്ര അ​വാ​ർ​ഡ് ജേ​താ​വാ​യ സാ​രം​ഗ് ഗോ​പാ​ല​കൃ​ഷ്ണ​ൻ. കൊ​ടും വ​ര​ൾ​ച്ച​യും കാ​ട്ടു​തീ​യും രൂ​പ​പ്പെ​ടു​ത്തി​യ ത​രി​ശു​ഭൂ​മി​യെ ഇ​ട​തൂ​ർ​ന്ന വ​ന​മാ​ക്കി മാ​റ്റി​യ​തി​നാ​ണ് അ​ദ്ദേ​ഹ​ത്തി​ന് വ​നം​വ​കു​പ്പി​ന്‍റെ അം​ഗീ​കാ​രം തേ​ടി​യെ​ത്തി​യ​ത്.

വ​ന​ന​ശീ​ക​ര​ണ​ത്തി​നെ​തി​രെ ന​ട​ത്തി​യ ശ​ക്ത​മാ​യ പോ​ര​ട്ട​ത്തി​ൽ പ്ര​തി​സ​ന്ധി​ക​ളും പ​രി​ഹാ​സ​ങ്ങ​ളും വ​ക​വ​യ്ക്കാ​തെ​യാ​ണ് സാ​രം​ഗ് ഗോ​പാ​ല​കൃ​ഷ്ണ​നും ഭാ​ര്യ വി​ജ​യ​ല​ക്ഷ്മി​യും ത​ന്‍റെ പ്ര​വ​ർ​ത്ത​ന​ങ്ങ​ളാ​യി മു​ന്നോ​ട്ടു പോ​യ​ത്. ദീ​ർ​ഘ​കാ​ല​മാ​യി ത​രി​ശാ​യി കി​ട​ന്ന ഭൂ​മി ഇ​ന്ന് ജൈ​വ​വൈ​വി​ധ്യ​ങ്ങ​ളു​ടെ ക​ല​വ​റ​യാ​യ ഒ​രു കു​ട്ടിവ​ന​മാ​യി മാ​റി​യി​രി​ക്കു​ക​യാ​ണ്. പ്ര​കൃ​തി സം​ര​ക്ഷ​ണ​വും വ​ന​വ​ത്ക​ര​ണ​വും ജീ​വി​ത​ച​ര്യ​യാ​ക്കി​യ അ​ദ്ദേ​ഹം ത​രി​ശു ഭൂ​മി​യെ ഹ​രി​ത ഭൂ​മി​യാ​ക്കാ​നു​ള്ള ശ്ര​മം തു​ട​ർ​ന്നു​കൊ​ണ്ടി​രി​ക്കു​ക​യാ​ണ്. 1981ൽ ​ഗ​വ എ​ൽ​പി സ്കൂ​ൾ അ​ധ്യാ​പ​ക​രാ​യാ​ണ് സാ​രം​ഗ് ഗോ​പാ​ല​കൃ​ഷ്ണ​ൻ വി​ജ​യ​ല​ക്ഷ്മി ദ​ന്പ​തി​ക​ളു​ടെ അ​ട്ട​പ്പാ​ടി​യി​ലേ​ക്കു​ള്ള രം​ഗ​പ്ര​വേ​ശം.

1983-85 കാ​ല​ഘ​ട്ട​ങ്ങ​ളി​ൽ അ​ട്ട​പ്പാ​ടി​യെ പി​ടി​ച്ചു കു​ലു​ക്കി​യ കൊ​ടും​വ​ര​ൾ​ച്ച​യെ അ​തി​ജീ​വി​ക്കാ​ൻ സ​ഹാ​യി​ച്ച​തും സാ​രം​ഗ് ഗോ​പാ​ല​കൃ​ഷ്ണ​ന്‍റെ പ​രി​സ്ഥി​തി പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ലൂ​ടെ​യാ​ണ്. ‌പൊ​തു​ജ​ന​ശ്ര​ദ്ധ നേ​ടാ​ൻ താ​ല്പ​ര്യ​മി​ല്ലാ​ത്ത അ​ദ്ദേ​ഹം വ​നം​വ​കു​പ്പ് ന​ല്കി​യ വ​ന​മി​ത്ര അ​വാ​ർ​ഡ് വാ​ങ്ങാ​ൻ എ​ത്തി​യ​തും അ​ധി​ക​മാ​രും അ​റി​ഞ്ഞി​രു​ന്നി​ല്ല. ഏ​തൊ​രു വി​ജ​യ​ത്തി​ന് പി​ന്നി​ലും ഇ​ണ​ക​ളു​ടെ നി​ശ്ച​യ​ദാ​ർ​ഢ്യ​ത്തോ​ടെ ഒ​റ്റ മ​ന​സാ​യു​ള്ള പ്ര​വ​ർ​ത്ത​ന​മാ​ണ് വേ​ണ്ട​തെ​ന്നും സാ​രം​ഗി​ന്‍റെ മു​ഴു​വ​ൻ നേ​ട്ട​ങ്ങ​ളി​ലും ത​ന്നേ​ക്കാ​ളേ​റെ ത​ന്‍റെ വാ​മ​ഭാ​ഗ​ത്തി​നാ​ണ് അ​ർ​ഹ​ത​യെ​ന്നും സാ​രം​ഗ് ഗോ​പാ​ല​കൃ​ഷ്ണ​ൻ പ​റ​യു​ന്നു.