പ്രതിഷേധം ശക്തം: പന്നിയങ്കരയിൽ പ്രദേശവാസികളിൽ നിന്നും ടോൾ പിരിക്കാനുള്ള നീക്കം നടന്നില്ല
1283385
Sunday, April 2, 2023 12:21 AM IST
വടക്കഞ്ചേരി: പന്നിയങ്കര ടോൾ പ്ലാസയിൽ പ്രദേശവാസികളിൽ നിന്നും ടോൾ പിരിക്കാനുള്ള നീക്കം ജനങ്ങളുടെ ശക്തമായ പ്രതിഷേധത്തെ തുടർന്ന് നടന്നില്ല. നെന്മാറ വേല ഉൾപ്പെടെ മേഖലയിൽ പ്രധാന വേലകൾ നടക്കുന്നതിനാൽ പോലീസ് സേനയുടെ കുറവും ടോൾ പിരിവ് നാല് ദിവസത്തേക്ക് മാറ്റിവെച്ചിരിക്കുകയാണെന്നാണ് വിശദീകരണം. അഞ്ചാം തീയതി മുതൽ ടോൾ പിരിവ് ആരംഭിക്കുമെന്നും കരാർ കന്പനി പറയുന്നുണ്ട്.
അതേസമയം, പ്രദേശവാസികളിൽ നിന്നും ടോൾ പിരിക്കാൻ അനുവദിക്കില്ലെന്ന ഉറച്ച നിലപാടിലാണ് വിവിധ രാഷ്ട്രീയ പാർട്ടികളും സംഘടനകളുമുള്ളത്. സൗജന്യ യാത്ര വരെ ഉറപ്പു നല്‍കിയായിരുന്നു ദേശീയപാത വികസനത്തിനായി നിസാര വിലയ്ക്ക് പാതയോരത്തുള്ളവർ ഭൂമി വിട്ടു നൽകിയിരുന്നത്. എന്നാൽ സഞ്ചാര സ്വാതന്ത്ര്യം പോലും ഇല്ലാതാക്കുന്ന നടപടികളുമായി കരാർ കന്പനി മുന്നോട്ടുപോയാൽ അതിനെതിരെ ശക്തമായ പ്രക്ഷോഭ പരിപാടികൾ സംഘടിപ്പിക്കാനാണ് സംയുക്ത സമരസമിതിയുടെ തീരുമാനം.
പാലിയേക്കരയിൽ പ്രദേശവാസികൾക്ക് സൗജന്യ യാത്ര അനുവദിക്കുന്പോൾ എന്തുകൊണ്ട് പന്നിയങ്കരയിൽ അനുവദിക്കുന്നില്ല എന്നാണ് പ്രദേശവാസികളുടെ ചോദ്യം. ടോൾ വിഷയത്തിൽ എംഎൽഎ ഇടപെട്ട് പരിഹാരം ഉണ്ടാക്കാനുള്ള ശ്രമങ്ങളും നടക്കുന്നുണ്ട്.