ബുധനാഴ്ചക്കുള്ളിൽ പരിശോധന പൂർത്തിയാക്കണം : ആർടിഒ
1298450
Tuesday, May 30, 2023 12:44 AM IST
പാലക്കാട് : മോട്ടോർ വാഹന വകുപ്പിന്റെ നേതൃത്വത്തിൽ ജില്ലയിലെ സ്കൂൾ ബസുകളുടെ ഫിറ്റ്നസ് പരിശോധന പുരോഗമിക്കുന്നു. ജില്ലയിൽ ഇതുവരെ 678 വാഹനങ്ങൾ പരിശോധിച്ച് സ്റ്റിക്കർ നല്കി.
മാനദണ്ഡപ്രകാരമുള്ള ക്രമീകരണങ്ങൾ ഒരുക്കാത്തതിനാൽ 37 ഓളം വാഹനങ്ങൾക്ക് ഫിറ്റനസ് സർട്ടിഫിക്കറ്റ് നല്‍കിയില്ല. ജില്ലയിലാകെ രണ്ടായിരത്തോളം സ്കൂൾ ബസുകളാണുള്ളത്. ബുധനാഴ്ചക്കുള്ളിൽ എല്ലാവരും പരിശോധന നടത്തി സ്റ്റിക്കർ സ്വീകരിക്കണമെന്ന് ആർടിഒ അറിയിച്ചു. സ്റ്റിക്കർ പതിപ്പിക്കാതെ നിരത്തിലിറങ്ങുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും ആർടിഒ ടി.എം. ജേഴ്സണ് അറിയിച്ചു.
ജില്ലയിലെ താലൂക്ക് തലത്തിലുള്ള ആർടിഒ ഓഫീസുകൾ മുഖേനയാണ് പരിശോധന നടക്കുന്നത്. വെഹിക്കിൾ ലൊക്കേഷൻ ട്രാക്കിംഗ് സിസ്റ്റം (വിഎൽടിഡി), സ്പീഡ് ഗവർണർ, എമർജൻസി എക്സിറ്റ്, മൈക്ക് സംവിധാനം എന്നിവയാണ് പരിശോധിക്കുക. പ്രീമണ്‍സൂണ്‍ ടെസ്റ്റിന്റെ ഭാഗമായി വാഹനങ്ങളുടെ ടയർ, വൈപ്പർ, മെക്കാനിക്കൽ ഫിറ്റ്നസ് എന്നിവയും പരിശോധിക്കും. എയർ ഹോണ്‍ അനുവദിക്കില്ല. പരമാവധി 50 കിലോ മീറ്റർ വേഗതയിലേ സഞ്ചരിക്കാവു.
വാഹനങ്ങൾ കൃത്യമായി അറ്റകുറ്റപ്പണി നടത്തിയിരിക്കണം. സ്കൂൾ ബസുകളിൽ 12 വയസിൽ താഴെയുള്ള കുട്ടികളാണെങ്കിൽ ഒരു സീറ്റിൽ രണ്ടുപേർക്ക് ഇരിക്കാനാണ് അനുമതിയുള്ളത്. കുട്ടികളെ നിർത്തിക്കൊണ്ട് പോകരുത്.
വാഹനത്തിന്റെ എല്ലാ വിവരങ്ങളും അടങ്ങിയ രജിസ്റ്റർ സൂക്ഷിക്കണം. കുട്ടികളുടെ രക്ഷിതാക്കളുടെ പേരും ഫോണ്നന്പറും ഉൾപ്പെടെയുള്ള വിവരങ്ങളും രജിസ്റ്ററിൽ സൂക്ഷിക്കണം. ഓണ്‍ ഡ്യൂട്ടി ബോർഡ് വാഹനത്തിൽ പ്രദർശിപ്പിക്കണം. കൂടാതെ സ്കൂൾ ബസ് ഡ്രൈവർമാർക്ക് വെള്ള നിറത്തിലുള്ള ഷർട്ടും കറുത്ത പാന്റ്സും യൂണിഫോം നിർബന്ധമാണെന്നും ആർടിഒ പറഞ്ഞു.
ഡ്രൈവർമാർക്ക് പുറമേ ആയമാരും ബസിൽ ഉണ്ടായിരിക്കണം. പരിശോധനക്ക് പുറമേ സ്കൂൾ ബസ് ഡ്രൈവർമാർക്ക് പരിശീലന ക്ലാസും നല്‍കുന്നുണ്ട്. നാനൂറോളം ഡ്രൈവർമാർക്ക് ഇതുവരെ പരിശീലനം നല്കി.
എടപ്പാളിലുള്ള ഐഡിടിആറി (ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡ്രൈവർ ട്രെയിനിംഗ് ആൻഡ് റിസർച്ച്)ലും ഡ്രൈവർമാർക്ക് പരിശീലനം നല്‍കുന്നുണ്ട്. ഇതുവരെ പരിശീലനം ലഭിക്കാത്ത ഡ്രൈവർമാർക്ക് ഉടൻ അതത് ആർടിഒക്ക് കീഴിൽ പരിശീലനം നല്‍കുമെന്നും റീജിയണൽ ട്രാൻസ്പോർട്ട് ഓഫീസർ ടി.എം. ജേഴ്സണ് അറിയിച്ചു.