കുന്ദംകാട്ടുപതി തടയണ വരണ്ടു; പെരുമാട്ടിയിൽ അതിരൂക്ഷ ജലക്ഷാമത്തിൽ വലഞ്ഞ് ജനം
1300700
Wednesday, June 7, 2023 12:34 AM IST
ചിറ്റൂർ : കുന്ദംകാട്ടുപതി തടയണ വരണ്ടതിനെ തുടർന്ന് പെരുമാട്ടി പഞ്ചായത്ത് പ്രദേശങ്ങളിൽ കുടിവെള്ള വിതരണം മുടങ്ങി. ചിറ്റൂർ വാട്ടർ അഥോറിറ്റി കാര്യാലയത്തിൽ നേരിട്ടെത്തിയും മൊബൈലിലും ഉപഭോക്താക്കൾ രൂക്ഷമായ കുടിവെള്ളക്ഷാമം പരാതിപ്പെട്ടു. തടയണയിൽ അടിത്തട്ടിലെ ചെളിമാത്രമാണുന്നതിനാൽ മഴ പെയ്യുകയോ ആളിയാർ വെള്ളം എത്തിയാലോ മാത്രമേ ജലവിതരണം നടത്താനാവുകയുള്ളു.
കഴിഞ്ഞ രണ്ടു ദിവസമായി ജലവിതരണം മുടങ്ങിയതിനാൽ പ്രദേശത്തെ കുടുംബങ്ങൾ കുടിവെള്ളത്തിനു വേണ്ടി ഇരുചക്രവാഹനങ്ങളിൽ ദൂരദിക്കുകളിലേക്ക് പോവുകയാണ്. ഇതിനിടെ തടയണയിൽ ആളിയാർ വെള്ളം നേരിയ തോതിൽ എത്തുന്നത് ശുദ്ധീകരിച്ച് വിതരണം ചെയ്യുനുണ്ടെങ്കിലും കുറഞ്ഞ തോതിലാണ് പൈപ്പുകളിൽ എത്തുന്നത്.
താലൂക്കിൽ ചൂട് തുടരുന്നതിനാൽ മഴയ്ക്കുള്ള സാധ്യതകളും പ്രതീക്ഷിക്കാൻ കഴിയാത്ത അവസ്ഥയിലാണ്. ആര്യന്പളം തടയണയിൽ നിലവിൽ പന്പിംഗ് നടക്കുന്നതിനാൽ ചിറ്റൂർ ടൗണ്‍ മേഖലയിൽ ജലവിതരണം മുടങ്ങാതെ നടക്കുന്നുണ്ട്.
കുടിവെള്ളത്തിനായി 100 ക്യൂസെക്സ് ജലം ആളിയാറിൽ നിന്നും ചിറ്റൂർ പുഴയിലിറക്കുമെന്ന് അറിയിപ്പുണ്ടായിരുന്നതും ജലരേഖയായിരിക്കുയാണ്. കൊഴിഞ്ഞാന്പാറ, വടകരപതി പഞ്ചായത്ത് പ്രദേശങ്ങളിലും ജലക്ഷാമ ത്തിലാണുള്ളത്.