"ബാഹുബലി'യെ അക്രമിച്ചയാൾ വനംവകുപ്പിന്റെ പിടിയിൽ
1301238
Friday, June 9, 2023 12:34 AM IST
കോയന്പത്തൂർ: മേട്ടുപ്പാളയം മേഖലയിൽ വീണ്ടും ബാഹുബലിയെന്ന കാട്ടാന. വലിപ്പക്കൂടുതൽ കൊണ്ട് ബാഹുബലി എന്ന് വിളിക്കുന്ന ഈ ആനയെ മൂന്ന് കുംകി ആനകളുടെ സഹായത്തോടെ പിടികൂടാൻ വനംവകുപ്പ് ശ്രമിച്ചെങ്കിലും എല്ലാ ശ്രമങ്ങളും പരാജയപ്പെട്ടു.
മേട്ടുപ്പാളയം മേഖലയിൽ വർഷങ്ങളായി കറങ്ങി നടക്കുന്നുണ്ടെങ്കിലും ആരെയും ആക്രമിക്കുകയോ ഭീഷണിപ്പെടുത്തുകയോ ചെയ്തിട്ടില്ലാത്ത ഈ ആന വാഴ, കവുങ്ങ് തുടങ്ങിയ കാർഷിക വിളകൾ തിന്നു തീർത്തിട്ടുണ്ട്.
തന്നെ തുരത്താൻ ശ്രമിക്കുന്നവരെ പോലും ആക്രമിക്കാൻ ശ്രമിക്കാതെ കടന്നുപോകുന്നത് ബാഹുബലി ആനയുടെ സ്വഭാവമാണ്.
എന്നാൽ ബാഹുബലിക്കെതിരായി ആക്രമണങ്ങൾ നടക്കുന്നതായി വനംവകുപ്പ് പറയുന്നു. ഇത്തരം ആക്രമണങ്ങൾ ശാന്തമായ ബാഹുബലി ആനയെ ക്രൂരനാക്കുമെന്ന് വന്യജീവി പ്രവർത്തകർ മുന്നറിയിപ്പ് നൽകി.
ഇന്നലെ നെല്ലിത്തുറ ഭാഗത്തെത്തിയ ബാഹുബലി യെ പ്രദേശത്തെ ജഗന്നാഥൻ എന്നയാൾ ആനയെ ആക്രമിച്ചതായി പറയുന്നു.
സംഭവമറിഞ്ഞ മേട്ടുപ്പാളയം വനംവകുപ്പ് അധികൃതർ ജഗന്നാഥനെ അക്രമിക്കാനുപയോഗിച്ച ആയുധമടക്കം പിടികൂടി.