വരുമോ, ഒറ്റപ്പാലം താലൂക്ക് ആശുപത്രിയിൽ രക്തബാങ്ക്
1335262
Wednesday, September 13, 2023 1:08 AM IST
ഒറ്റപ്പാലം: ജില്ലാ ആശുപത്രി പദവിയിലേക്കുയർത്താൻ തീരുമാനിച്ച ഒറ്റപ്പാലം താലൂക്ക് ആശുപത്രിയുടെ രക്തബാങ്ക് നിർമാണ പദ്ധതി പോലും അനന്തമായി നീളുന്നു. പദ്ധതി പ്രാവർത്തികമാക്കണമെന്ന് വ്യാപകമായി ആവശ്യമുയരുമ്പോഴും അധികൃതർ അനങ്ങാത്ത സ്ഥിതിയാണ്.
ലൈസൻസ് ലഭിക്കാത്തതാണ് രക്തബാങ്ക് നിർമാണത്തിന് തടസമാകുന്നതെന്നാണ് അധികൃതർ നൽകുന്ന വിശദീകരണം. രണ്ടുവർഷംമുമ്പ് പ്രഖ്യാപിച്ച പദ്ധതിയാണ് ഒറ്റപ്പാലത്ത് ഇനിയും നിറവേറാതെ കിടക്കുന്നത്. ഡ്രഗ്സ് കൺട്രോൾ വിഭാഗമാണ് പദ്ധതിക്ക് ലൈസൻസ് ലഭ്യമാക്കേണ്ടത്.
പദ്ധതിക്ക് യൂണിറ്റ് തുടങ്ങുന്നതിനായുള്ള യന്ത്രങ്ങൾ ഉൾപ്പെടെയുള്ള ഭൂരിഭാഗം സാധനസാമഗ്രികളും മുമ്പുതന്നെ ഇവിടെ എത്തിയിരുന്നു. ലൈസൻസ് ലഭിക്കുന്നതിനായി ഡ്രഗ്സ് കൺട്രോൾ വിഭാഗത്തിന്റെ തൃശൂർ റീജണൽ ഓഫീസിലേക്ക് പലതവണയായി ആശുപത്രി അധികൃതർ അപേക്ഷയും നൽകിയിരുന്നു. എന്നാൽ, പരിശോധനയ്ക്ക് ഇതുവരെ ആളെത്തിയിട്ടില്ലെന്നാണ് അധികൃതർ നൽകുന്ന സൂചന.
മാസ്റ്റർപ്ലാൻ പ്രകാരം വരുന്ന പുതിയകെട്ടിടത്തിൽ രക്തബാങ്ക് തുടങ്ങാനായിരുന്നു ആദ്യ തീരുമാനം. എന്നാൽ, ഇത് വൈകുമെന്നായതോടെ നിലവിലെ കുത്തിവയ്പ്പ് വിഭാഗം പ്രവർത്തിക്കുന്ന കെട്ടിടത്തിൽ പണിതുടങ്ങാനാണ് തീരുമാനിച്ചിരുന്നത്.
പുതിയകെട്ടിടം വരുമ്പോൾ കുത്തിവയ്പ്പുവിഭാഗം പൂർണമായും അങ്ങോട്ടേക്കുമാറ്റി. ഈ കെട്ടിടം രക്തബാങ്കിനു മാത്രമാക്കി മാറ്റാനായിരുന്നു പദ്ധതി.
കഴിഞ്ഞവർഷംതന്നെ യന്ത്രങ്ങളെത്തിക്കാനുള്ള നടപടി പൂർത്തിയായിരുന്നു. കുറച്ച് സാധനങ്ങൾമാത്രമാണ് ഇനി വരാനുള്ളത്. രണ്ടുവർഷംമുമ്പ് എംഎൽഎ ഫണ്ടിൽനിന്നും 50 ലക്ഷം രൂപയാണ് പദ്ധതിക്കായി വകയിരുത്തിയിരുന്നത്.
പ്രതിവർഷം 2,000 യൂണിറ്റിലേറെ രക്തം ആവശ്യമായിവരുന്ന ആശുപത്രികൾക്കാണ് രക്തബാങ്ക് അനുവദിക്കാറുള്ളത്. ശേഖരിക്കുന്ന രക്തത്തിലെ വിവിധ ഘടകങ്ങൾ വേർതിരിച്ച് സംഭരിച്ചുവെക്കുന്ന രീതിയിലുള്ള സംവിധാനങ്ങളോടെയുള്ള യൂണിറ്റാണ് പ്രഖ്യാപിച്ചിട്ടുള്ളത്.