യാത്രക്കാരില്ലെന്ന കാരണത്താൽ ബസുകൾ സർവീസ് നിർത്തിവെക്കുന്നതായി പരാതി
1337377
Friday, September 22, 2023 1:40 AM IST
ഒറ്റപ്പാലം: യാത്രക്കാരില്ലെന്ന കാരണത്താൽ ബസുകൾ സർവീസ് നിർത്തിവെക്കുന്നതായി പരാതി. ബസുകളിൽ ആളില്ലെന്ന കാരണത്താലും, ഞായറാഴ്ചകളിലുമാണ് സ്വകാര്യ ബസുകൾ സർവീസ് നടത്താത്ത സാഹചര്യമുള്ളത്.
ഇതിനെതിരെ വ്യാപകമായി പരാതിയുയർന്നു. മുമ്പും ഇത്തരത്തിൽ സ്വകാര്യ ബസുകൾ സർവീസ് നിർത്തിവെച്ചിരുന്നു. അധികൃതർ ശക്തമായ നടപടികളുമായി ഇറങ്ങിയതോടെ ഇതിന് താത്കാലിക പരിഹാരമാവുകയായിരുന്നു.
അന്ന് ഒറ്റപ്പാലം, ഷൊർണൂർ ഭാഗങ്ങളിൽ നടത്തിയ പരിശോധനയിൽ ഒമ്പത് ബസുകൾക്കെതിരേയാണ് മോട്ടോർവാഹനവകുപ്പ് നടപടിയെടുത്തത്. ഇവരിൽനിന്ന് 67,500 രൂപ പിഴയും ഈടാക്കിയിരുന്നു. അന്നത്തെ പരിശോധനയിൽ നികുതിയടയ്ക്കാതെ ഓടുന്ന വാഹനങ്ങളും കണ്ടെത്തിയിരുന്നു.
ഒഴിവുദിവസങ്ങളിൽ ബസുകൾ ട്രിപ്പ് മുടക്കുന്നതുമൂലം ഉൾനാടുകളിലേക്ക് പോകുന്നവർ പ്രധാന റോഡുകളിൽ മണിക്കൂറോളം ബസ് കാത്തുനിൽക്കേണ്ട അവസ്ഥയാണ്. ഇതേത്തുടർന്ന് അന്ന് ലഭിച്ച പരാതികളുടെ കൂടി അടിസ്ഥാനത്തിലാണ് മോട്ടോർവാഹനവകുപ്പ് പരിശോധനയും നടപടികളും കർശനമാക്കിയത്. എന്നാൽ ഇപ്പോൾ ഇത് വീണ്ടും പഴയപടിയായി തീർന്നു.
സർവീസ് നിർത്തിവെക്കുന്ന വലിയ ബസുകൾക്ക് 7,500 രൂപയും ചെറിയ ബസുകൾക്ക് 3,000 രൂപയും വരെ പിഴയീടാക്കിയ സംഭവങ്ങളുണ്ടായിട്ടുണ്ട്. സ്വകാര്യ ബസുകൾ യാത്രാ സർവീസ് നടത്താതെ പാർട്ടി സമ്മേളനങ്ങൾക്കും വിവാഹങ്ങൾക്കും ഓട്ടം പോകുന്ന സാഹചര്യങ്ങളും വ്യാപകമാണ്.