മംഗലംഡാമിലും വെള്ളം നിറഞ്ഞു: ഷട്ടറുകൾ തുറക്കുമെന്ന് മുന്നറിയിപ്പ്
1337683
Saturday, September 23, 2023 1:41 AM IST
മംഗലംഡാം: വൈകിയാണെങ്കിലും മംഗലംഡാമിലും വെള്ളം നിറഞ്ഞു. 76.75 മീറ്ററാണ് ഇന്നലത്തെ ജലനിരപ്പ്. ഇതേ തുടർന്ന് ഷട്ടർ തുറക്കുന്നതിനുള്ള ആദ്യ മുന്നറിയിപ്പ് നൽകി. 77.28 മീറ്ററിലാണ് രണ്ടാമത്തെ മുന്നറിയിപ്പു നൽകുക. 77.88 മീറ്ററാണ് ഡാമിന്റെ പരമാവധി സംഭരണ ശേഷി.
റൂൾ കർവ് സിസ്റ്റം പാലിക്കേണ്ടതിനാൽ മഴയുടെ തോതനുസരിച്ചാകും ഷട്ടറുകൾ തുറക്കുക . കഴിഞ്ഞ രണ്ടു പതിറ്റാണ്ടിനിടെ ഇതാദ്യമായാണ് മംഗലംഡാം ഇത്രയും വൈകി നിറയുന്നത്.
സംസ്ഥാനത്തു തന്നെ ഏറ്റവും ആദ്യം വെള്ളം നിറഞ്ഞ് തുറക്കുന്ന ഡാമുകളിലൊന്നായിരുന്നു മംഗലംഡാം. വൃഷ്ടി പ്രദേശങ്ങളിൽ ലഭിച്ച മഴയുടെ തോത് നന്നേ കുറഞ്ഞതിനാൽ ജലനിരപ്പ് ഉയരുന്നതും ഇപ്പോൾ വളരെ സാവകാശത്തിലാണ്. അതിവർഷമുണ്ടായ 2007 ൽ ജൂലൈ 15ന് ഷട്ടറുകൾ തുറന്നു. ഒന്നാം പ്രളയം എന്ന് വിശേഷിപ്പിക്കപ്പെട്ട 2018ൽ ജൂൺ 14ന് വെള്ളം പരമാവധിയിലെത്തി ഡാം തുറക്കേണ്ടി വന്നു.
രണ്ടാം പ്രളയവർഷമായ 2019 ൽ ഓഗസ്റ്റ് എട്ടിനാണ് ഷട്ടറുകൾ തുറന്നത്.2020ൽ ഓഗസ്റ്റ് മൂന്നിനും 2021 ൽ ജൂലൈ 16നും 2022 ൽ ജൂലൈ എട്ടിനും ഷട്ടറുകൾ തുറന്നു.
ഡാമിൽ ജലലഭ്യത ഉറപ്പു വരുത്തി മാത്രമേ ഷട്ടറുകൾ തുറക്കാവു എന്ന് കേരള കർഷക യൂണിയൻ- എം ജില്ലാ പ്രസിഡന്റ് തോമസ് ജോൺ കരുവള്ളിൽ, ജനറൽ സെക്രട്ടറി ജോസ് വടക്കേക്കര എന്നിവർ ആവശ്യപ്പെട്ടു.