അഴിമതി ആരോപണം അടിസ്ഥാന രഹിതമെന്ന് അഡ്വ.വി. മുരുകദാസ്
1338620
Wednesday, September 27, 2023 1:33 AM IST
പാലക്കാട്: മൂലത്തറ റെഗുലേറ്റർ പുനർനിർമാണത്തിലെ കോൺഗ്രസ്, കർഷക കോൺഗ്രസ് അഴിമതി ആരോപണം അടിസ്ഥാന രഹിതമാണെന്ന് ജനതാദൾ സംസ്ഥാന സെക്രട്ടറി അഡ്വ. വി. മുരുകദാസ് പത്രസമ്മേളനത്തിൽ പറഞ്ഞു.
ഏത് അന്വേഷണത്തെയും സ്ഥലം എംഎൽഎ കൂടിയായ മന്ത്രി കെ. കൃഷ്ണൻകുട്ടി സ്വാഗതം ചെയ്തിട്ടുണ്ട്. റെഗുലേറ്റർ പുനർനിർമാണ വേളയിൽ പിതൃത്വം ഏറ്റെടുക്കാൻ ശ്രമിച്ചവരാണ് ആരോപണത്തിന് പിന്നിലെന്നും മുരുകദാസ് പറഞ്ഞു. വിദഗ്ദ സമിതി 9 തവണ നിർമാണ ഘട്ടങ്ങളിൽ പരിശോധന നടത്തിയിട്ടുണ്ട്.
വിദഗ്ദ സമിതിയുടെ നിർദേശ പ്രകാരം പുനർനിർമാണത്തിലിരിക്കുന്ന ഡാമിന്റെ നീളം, വീതി, ഉയരം, എന്നിവ വർധിപ്പിച്ചതു കൊണ്ടാണ് എസ്റ്റിമേറ്റ് തുക വർധിച്ചത്. കെ. അച്യുതൻ ഏഴു വർഷത്തോളം നിയമസഭയിലുണ്ടായിട്ടും മൂലത്തറ പുനർനിർമിക്കാൻ നടപടി സ്വീകരിച്ചിട്ടില്ല. മാത്രമല്ല തമിഴ്നാടിന് അനുകൂലമായ നടപടിയാണ് സ്വീകരിച്ചത്.
കൃഷിക്കും കുടിവെളളത്തിനും ഉപകാരപ്പെടുന്ന പദ്ധതിയെ തകർക്കാനാണ് ആരോപണം. ആർബിസി കനാൽ നിർമാണം, കൊഴിഞ്ഞാമ്പാറ കോളജിനുള്ള സ്ഥലം ഏറ്റെടുപ്പ്, തത്തമംഗലം സർവീസ് സഹകരണ ബാങ്ക് എന്നിവിടങ്ങളിൽ ക്രമക്കേട് നടത്തിയവരാണ് ആരോപണത്തിന് പിന്നിലെന്നും മുരുകദാസ് പറഞ്ഞു. കെ. ചെന്താമരയും പത്രസമ്മേളനത്തിൽ പങ്കെടുത്തു.