എട്ടു തവണ അറ്റകുറ്റപ്പണി നടത്തിയ വടക്കഞ്ചേരി മേൽപ്പാലം വീണ്ടും തകർന്നു
1340019
Wednesday, October 4, 2023 1:07 AM IST
വടക്കഞ്ചേരി: ആറുവരി ദേശീയപാത തുടങ്ങുന്ന വടക്കഞ്ചേരി മേൽപ്പാലം വീണ്ടും തകർന്നു.തൃശൂർ ലൈനിലെ ട്രാക്കുകൾക്കാണ് തകർച്ച കൂടുതലുള്ളത്.18 തവണ റിപ്പയർ വർക്കുകൾ നടത്തിയ ഭാഗങ്ങൾ തന്നെയാണ് ഇപ്പോഴും തകർന്ന് വാഹന ഗതാഗതം ദുഷ്കരമായിട്ടുള്ളത്. മൂന്നു വരി പാതയിൽ രണ്ടു വരി പാതകൾ അടച്ചാണ് കുത്തി പൊളിച്ചുള്ള അറ്റകുറ്റപ്പണി ഇന്നലെ ആരംഭിച്ചിട്ടുള്ളത്. പാലത്തിന്റെ ബീമുകൾക്കിടക്കുള്ള കോൺക്രീറ്റ് അടർന്നു നീങ്ങുന്നതാണ് പ്രശ്നം.
കമ്പികൾ പുറത്തേക്ക് തള്ളി വാഹനങ്ങൾ കടന്നു പോകുമ്പോൾ കുത്തിക്കയറി ടയർ പൊട്ടുന്ന സ്ഥിതിയാണ്. ബീമുകൾ തമ്മിൽ ബന്ധിപ്പിക്കാനാണ് ഇത്തരത്തിൽ കനമുള്ള കമ്പിവല കെട്ടി മൂന്നടി വീതിയിൽ കോൺക്രീറ്റ് ചെയ്യുന്നത്. എന്നാൽ ഇത് നിരവധി തവണ ചെയ്തിട്ടും പിന്നേയും തകരുകയാണ്. കാർ ഉൾപ്പെടെയുള്ള ചെറിയ വാഹനങ്ങൾ ഈ വിടവുകളിൽ ചാടിപ്പോകുമ്പോഴാണ് കൂടുതൽ കേടുപാടുകൾക്ക് കാരണമാകുന്നത്.
2021 ഫെബ്രുവരി ആറിനാണ് വാഹന ഗതാഗതത്തിനായി മേൽപ്പാലം തുറന്നത്. ഇതേ തുടർന്ന് എത്ര തവണ പാലത്തിൽ കുത്തിപ്പൊളിച്ചുള്ള റിപ്പയർ വർക്കുകൾ നടന്നു എന്നതിന് കരാർ കമ്പനിയുടെ കൈയിലും കൃത്യമായ കണക്കില്ല. രണ്ടര വർഷത്തിനിടെ 18 തവണയെങ്കിലും റിപ്പയർ പണികൾ നടന്നിട്ടുണ്ടാകുമെന്നാണ് ഇവിടെ പണിയെടുക്കുന്ന തൊഴിലാളികൾ പറയുന്നത്. എന്നിട്ടും പ്രശ്നത്തിന് പരിഹാരമാകുന്നില്ല. ദേശീയപാതയിലും വലിയ അപകട കുഴികൾ രൂപപ്പെട്ടിട്ടുണ്ട്.