ഫയർലൈൻ നിർമിക്കാൻ ഫണ്ടില്ല; കാട്ടുതീ ഭീതിയിൽ മലയോരങ്ങൾ
1395845
Tuesday, February 27, 2024 6:10 AM IST
മംഗലംഡാം: വേനൽ കടുത്ത് ചൂടുകൂടിയതോടെ കാട്ടുതീ ഭീതിയിലാണ് മലയോര വനപ്രദേശങ്ങൾ.
രണ്ടുദിവസമായി കടപ്പാറക്കടുത്ത് പോത്തൻതോടിനു മുകളിൽ കാട്ടുതീയുണ്ട്. വനപാലകർ തീയണക്കാനുള്ള ശ്രമം നടത്തിവരികയാണ്. കഴിഞ്ഞ ഏതാനും വർഷങ്ങളായി ഫയർലൈൻ നിർമിക്കാൻ മതിയായ ഫണ്ട് ലഭ്യമാകുന്നില്ലെന്നാണു വനം ഉദ്യോഗസ്ഥർ പറയുന്നത്.
50 കിലോമീറ്ററെങ്കിലും ഫയർലൈൻ ആവശ്യമുള്ള മംഗലംഡാം മേഖലയിൽ ഫണ്ടുലഭിച്ചത് ഏഴുകിലോമീറ്റർ ഫയർലൈൻ നിർമിക്കാൻ മാത്രം.
മംഗലംഡാം ഫോറസ്റ്റ് സ്റ്റേഷൻ മുതൽ ചൂരുപ്പാറ ഭാഗത്താണ് ലഭ്യമായ ഫണ്ട് ഉപയോഗിച്ച് ഫയർലൈൻ ഉണ്ടാക്കിയിട്ടുള്ളത്. ഇതിന്റെ തുടർ പരിചരണത്തിനും ഫണ്ടില്ലത്രെ.
ഇല കൊഴിച്ചിൽ കൂടിയ ഈ സമയത്ത് ഫയർലൈൻ പരിചരണത്തിൽ വീഴ്ച വന്നാൽ തീ പെട്ടെന്ന് പടരാനും കാരണമാകും.
വനത്തിലെ തീ സമീപത്തെ സ്വകാര്യ തോട്ടങ്ങളിലേക്കു വ്യാപിക്കാനും സാധ്യത ഏറെയാണ്.