10.761 കോടിയുടെ വികസന പ്രവർത്തനങ്ങൾക്കു തറക്കല്ലിട്ടു
1395846
Tuesday, February 27, 2024 6:10 AM IST
ഒറ്റപ്പാലം: ഒറ്റപ്പാലം റെയിൽ സ്റ്റേഷനിൽ 10.761 കോടി രൂപയുടെ വികസന പ്രവർത്തനങ്ങളുടെ തറക്കല്ലിടൽ ചടങ്ങ് വി.കെ. ശ്രീകണ്ഠൻ എംപി നിർവഹിച്ചു.
അമൃത് ഭാരത് പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് പാലക്കാട് റെയിൽവേ ഡിവിഷനിലെ ഷൊർണൂർ, ഒറ്റപ്പാലം സ്റ്റേഷനുകളിൽ വികസനം നടപ്പാക്കുന്നത്.
ദക്ഷിണേന്ത്യയിലെ പ്രധാന സ്റ്റേഷനായ ഷൊർണൂർ ജംഗ്ഷന്റെ നവീകരണത്തിനു 15.4292 കോടി രൂപയാണ് ചെലവഴിക്കുന്നത്. ഇതുവരെ 4.0768 കോടിയുടെ പ്രവൃത്തികൾ പൂർത്തിയായി.
5486 ചതുരശ്ര മീറ്ററിൽ വലിയ പാർക്കിംഗ് ഏരിയയും നിർമിക്കുന്നുണ്ട്.
ഒറ്റപ്പാലം റെയിൽവേ സ്റ്റേഷൻ കെട്ടിടം നവീകരണ ജോലികൾ പുരോഗമിക്കുകയാണ്. ഒരേസമയം 30 കാറുകളും ഇരുനൂറോളം ഇരുചക്രവാഹനങ്ങളും പാർക്ക് ചെയ്യാനുള്ള 253 ചതുരശ്ര മീറ്റർ പാർക്കിംഗ് ഏരിയ ഇവിടെ ഒരുക്കുന്നുണ്ട്.
പുതിയ എസി, നോൺ എസി വിശ്രമമുറികളും ഉണ്ടാകും. രണ്ടു മാസത്തിനുള്ളിൽ നവീകരണം പൂർത്തിയാക്കുമെന്നു റെയിൽവേ അധികൃതർ അറിയിച്ചു.
ഡിവിഷനിൽ മൊത്തം 238.85 കോടി രൂപയുടെ നിർമാണമാണു നടപ്പാക്കുന്നത്. ആദ്യഘട്ടത്തിനു റെയിൽവേ മന്ത്രാലയം അനുവദിച്ച 62.70 കോടി രൂപയിൽ 52 കോടിയുടെ പ്രവർത്തനങ്ങൾ പൂർത്തിയായിട്ടുണ്ട്.