വിദ്യാർഥികൾ ചില്ലറക്കാരല്ല
1395850
Tuesday, February 27, 2024 6:10 AM IST
വടക്കഞ്ചേരി: വള്ളിയോട് സെന്റ് മേരീസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി ആൻഡ് സയൻസ് കോളജിലെ ഐടിഐ ട്രെഡിലെ എംഎംവി ട്രെയ്നികൾ ചില്ലറക്കാരല്ല.
പുതിയ മോഡൽ റാലി കാർ നിർമിച്ച് കാർ നിർമാതാക്കളെ പോലും അമ്പരപ്പിച്ചിരിക്കുകയാണ് ഈ മിടുക്കർ. പ്രോജക്ടിന്റെ ഭാഗമായി വികസിപ്പിച്ചെടുത്തതാണ് ഈ മെക്ക് 41 റാലി വാഹനം.
കാലാവധി കഴിഞ്ഞ മാരുതി 800 നെയാണ് ഈ വിധം രൂപപ്പെടുത്തി ആകർഷണീയമാക്കിയിട്ടുള്ളത്.
വാഹന റാലിക്കും വിഐപികളുടെ സവാരികൾക്കും ഉപയോഗിക്കാവുന്ന വിധമാണ് നിർമാണമെന്നു ട്രെയ്നികൾ പറഞ്ഞു.
അധ്യാപകരായ കെ.എം. സാജു, ജോബിൻ ജോസ്, ദാമോദരൻ, കൃഷ്ണദാസ് എന്നിവരുടെ നേതൃത്വത്തിൽ എംഎംവി രണ്ടാം വർഷ വിദ്യാർഥികൾ രണ്ടുമാസം നീണ്ടുനിന്ന പരിശ്രമ ഫലമായിട്ടാണ് വാഹനം പുറത്തിറക്കിയിട്ടുള്ളത്. കാണാനും നല്ല ലുക്കുള്ളതിനാൽ വാഹനം കാണാൻ മറ്റു വിദ്യാർഥികളുടെ തിരക്കുമുണ്ട്.
ട്രെയ്നികളെ കോളജ് ഡയറക്ടർ റവ.ഡോ. മാത്യു ഇല്ലത്തുപറമ്പിൽ, ഐടിഐ പ്രിൻസിപ്പൽ ഫാ. അനു കളപ്പുരക്കൽ എന്നിവർ പ്രത്യേകം അഭിനന്ദിച്ച് സമ്മാനങ്ങൾ നൽകി.
കുപ്പികളുടെ 3000 അടപ്പുകൾ കൊണ്ട് ക്രിസ്മസ് സ്റ്റാർ, കേടായ വാഹനങ്ങളുടെ സ്പെയർപാർട്സുകൾ കൊണ്ട് പുൽക്കൂട് തുടങ്ങിയവ ഒരുക്കി നേരത്തെയും ട്രെയ്നികൾ കൈയടി നേടിയിട്ടുണ്ട്.
നാളികേരം പൊളിക്കാൻ കാലുകൾ കൊണ്ടു പ്രവർത്തിപ്പിക്കുന്ന യന്ത്രസംവിധാനം വികസിപ്പിച്ചെടുത്തും വിദ്യാർഥികൾ വാർത്തകളിൽ നിറഞ്ഞിരുന്നു.