കണ്ണാകും കരുണ; വൈറലായി പുതുനഗരം സ്കൂൾ വിദ്യാർഥികൾ
1396008
Wednesday, February 28, 2024 12:32 AM IST
പുതുനഗരം: കണ്ണുള്ളവർ കാണണം വിദ്യാര്‍ഥികളുടെ ഈ സഹായഹസ്തം. കാഴ്ചയില്ലാത്ത വയോധികയ്ക്കു ഉൾക്കാഴ്ചയായി മാറിയ പുതുനഗരം മുസ്ലിം സ്കൂൾ വിദ്യാർഥികളാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.
വാഹന തിരക്കേറിയ പുതുനഗരം നാൽക്കവലയിൽ റോഡിന്റെ മറുവശം എത്താൻ കഴിയാതെ നിൽക്കുകയയായിരുന്ന അന്ധവൃദ്ധയെ കൈപിടിച്ച് സുരക്ഷിതമായി എത്തിച്ചാണ് വിദ്യാര്‍ഥികൾ മാതൃക കാട്ടിയത്.
ആറാം ക്ലാസുകാരായ അൽഫഹദ്, അൽ അർഫാദ്, മുഹമ്മദ്ഫൈജാസ് എന്നിവരാണ് സ്കൂളിലും നാട്ടിലും മിന്നും താരങ്ങളായത്.
ഇക്കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് പുതുനഗരം ടൗണിലായിരുന്നു സംഭവം.
പാക്കോട് റോഡിൽ നിന്നും കൊല്ലങ്കോടു പാതയിലേക്കാണ് പോവാനാണ് വയോധിക വന്നത്. വാഹനങ്ങളുടെ പെരുപ്പവും ശബ്ദവും ഹോൺ മുഴക്കവും കാരണം വൃദ്ധയ്ക്കു റോഡ് മുറിച്ചു കടക്കാൻ കഴിയാതെ ഏറെനേരം വെയിലത്ത് റോഡിൽ നിൽക്കേണ്ടതായി വന്നു. ഈ സമയത്താണ് മൂന്നു വിദ്യാർഥികളും സഹായമായെത്തിയത്.
പിന്നീട് സമീപത്തു തന്നെയുള്ള ഒരു ഹോട്ടലിലെത്തിച്ചു ഭക്ഷണവും വാങ്ങിച്ചു നൽകി.
വിദ്യാർഥികളായ മൂവരും കൈയിലുണ്ടായിരുന്ന പണം സമാഹരിച്ച് ഹോട്ടലുടമയ്ക്ക് നൽകാൻ തയാറായപ്പോൾ മറ്റൊരു മഹാമനസ്കൻ പണം താൻ നൽകാമെന്നു പറഞ്ഞു.
മാത്രമല്ല, വിദ്യാർഥികളെ പരിസരത്തുള്ളവരെല്ലാം അനുമോദിക്കുകയും ചെയ്തു.
ഈ സംഭവമെല്ലാം സ്ഥലത്തെ ഒരു ഫോട്ടോഗ്രാഫർ പകർത്തി സോഷ്യല്‍ മീഡിയയിൽ പോസ്റ്റു ചെയ്യുകയായിരുന്നു. ഇതാണ് പിന്നീട് വൈറലായത്.
സ്കൂളിൽ പിന്നീട് വിദ്യാർഥികളെ പ്രധാനാധ്യാപിക എസ്.എ. ബീഗത്തിന്റെ നേതൃത്വത്തിൽ അനുമോദിക്കുകയും ചെയ്തു.
മൂന്നു വിദ്യാർഥികൾക്കും അടുത്ത വർഷത്തെ പാഠപുസ്തകങ്ങൾ വാങ്ങിനൽകുമെന്നും അധ്യാപകർ പറഞ്ഞു.