തെരഞ്ഞെടുപ്പ് ഡ്യൂട്ടിയിലുള്ളവർക്കു തപാൽവോട്ടിനുള്ള അപേക്ഷകൾ 15 മുതൽ 20 വരെ സ്വീകരിക്കാം
1416390
Sunday, April 14, 2024 6:14 AM IST
പാലക്കാട് : തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് നിയോഗിക്കപ്പെട്ട ജീവനക്കാർക്ക് തപാൽ വോട്ടിനായുള്ള അപേക്ഷകൾ രണ്ടാംഘട്ട പരിശീലനം നടക്കുന്ന കേന്ദ്രങ്ങളിൽ ഏപ്രിൽ 15 മുതൽ 20 വരെ സ്വീകരിക്കുമെന്ന് നോഡൽ ഓഫീസർ സച്ചിൻ കൃഷ്ണ അറിയിച്ചു.
ജീവനക്കാർക്ക് വോട്ട് രേഖപ്പെടുത്തുന്നതിനുള്ള വോട്ടർ ഫെസിലിറ്റേഷൻ സെന്ററുകൾ ( വിഎഫ്സി ) തെരഞ്ഞെടുപ്പ് പരിശീലനകേന്ദ്രങ്ങളിൽ ഏപ്രിൽ18 മുതൽ 20 വരെ പ്രവർത്തിക്കും. തെരഞ്ഞെടുപ്പ് ജോലിക്ക് നിയമിതരായ മുഴുവൻ ജീവനക്കാരും അവരവരുടെ താമസ സ്ഥലത്തുള്ള നിയമസഭാ മണ്ഡലങ്ങളിലെ വോട്ടർ ഫെസിലിറ്റേഷൻ കേന്ദ്രങ്ങളിൽ എത്തി വോട്ടുകൾ രേഖപ്പെടുത്തേണ്ടതാണ്. തെരഞ്ഞെടുപ്പ് ജോലിയ്ക്ക് നിയമിക്കപ്പെട്ടിട്ടുള്ള അന്യജില്ലയിലെ താമസക്കാർക്ക് പാലക്കാട് ഗവ. വിക്ടോറിയ കോളജിൽ ഇതേ ദിവസങ്ങളിൽ പ്രത്യേകം വോട്ടർ ഫെസിലിറ്റേഷൻ സെന്റർ ഏർപ്പെടുത്തിയിട്ടുണ്ട്. മറ്റു ജില്ലകളിലെ മുഴുവൻ ജീവനക്കാരും ഈ കേന്ദ്രത്തിലെത്തി വോട്ടുകൾ രേഖപ്പെടുത്തേണ്ടതാണ്.
ഈ ദിവസങ്ങളിൽ വോട്ടുകൾ രേഖപ്പെടുത്താൻ സാധിക്കാത്തവർക്കായി ജില്ലാ കേന്ദ്രത്തിൽ വോട്ടർ ഫെസിലിറ്റേഷൻ സെന്റർ (വിഎഫ്സി) പ്രവർത്തിക്കുന്നതാണ്.
പാലക്കാട് ബിഇഎം സ്കൂളിൽ 22,23,24,25 തീയതികളിലാണ് ഈ ജില്ലാതല വിഎഫ്സി പ്രവർത്തിക്കുക. തെരഞ്ഞെടുപ്പ് ജോലിക്ക് നിയോഗിക്കപ്പെട്ട മുഴുവൻ ജിവനക്കാർക്കും ഈ സൗകര്യം പ്രയോജനപ്പെടുത്താവുന്നതാണ്. തെരഞ്ഞെടുപ്പ് ജോലിയിലുള്ള അവശ്യ സർവീസ് ജീവനക്കാർ അതത് നിയമസഭ മണ്ഡലങ്ങളിലെ പരിശീലന കേന്ദ്രങ്ങളിൽ സജ്ജീകരിച്ചിട്ടുള്ള പോസ്റ്റൽ വോട്ടിംഗ് സെന്ററുകളിൽ (പിവിസി) 21, 22, 23 തീയതികളിൽ ഹാജരായി വോട്ട് രേഖപ്പെടുത്തേണ്ടതാണ്.