പണിതീരാത്ത മേൽക്കൂര ദുരന്തത്തിന് ഇടയാക്കുമെന്ന് ആശങ്ക
1416827
Wednesday, April 17, 2024 1:53 AM IST
പാലക്കാട്: ടൗണ് ബസ് സ്റ്റാൻഡ് കെട്ടിടത്തിന്റെ മുകളിലായി ഇരുന്പുകൊണ്ട് നിർമിച്ച പൂർത്തിയാകാത്ത മേൽക്കൂരയുടെ നാൽപ്പതോളം കാലുകൾ തുരുന്പെടുത്തു വേർപെട്ടതിനാൽ വലിയ ദുരന്തത്തിന് ഇടയാക്കുമെന്ന് ആശങ്ക.
നൂറുകണക്കിന് ബസുകളും യാത്രക്കാരും വന്നുപോകുന്ന ബസ് സ്റ്റാൻഡ് കെട്ടിടത്തിന്റെ കാലപ്പഴക്കം മൂലമുള്ള ചോർച്ച ഉൾപ്പെടെയുള്ള പ്രശ്നങ്ങൾക്ക് പരിഹാരമായി പത്തുവർഷം മുന്പ് സുരക്ഷാക്രമീകരണം ലക്ഷ്യംവച്ച് നഗരസഭ നിർമിച്ച് പാതിവഴിയിലായ മേൽക്കൂരകൾ വലിയ അപകടത്തിന് വഴിവയ്ക്കുന്ന തരത്തിലാണ് നിലനിൽക്കുന്നത്.
ശക്തമായ കാറ്റ് ഉണ്ടായാൽ മേൽക്കൂര നിലംപൊത്തുകയും വലിയ ദുരന്തം ഉണ്ടാകുകയും ചെയ്യുമെന്നു ചൂണ്ടിക്കാട്ടി സാമൂഹ്യപ്രവർത്തകൻ നിഖിൽ കൊടിയത്തൂർ ജില്ലാ കളക്ടർ, ജില്ലാ പോലീസ് മേധാവി, നഗരസഭാ സെക്രട്ടറി തുടങ്ങിയവർക്ക് അടിയന്തര ഇമെയിൽ സന്ദേശം അയച്ചു.
റൂഫിംഗ് ഷീറ്റ് ഇടാൻ ഇരുന്പു കൊണ്ടുള്ള കാലും ഫ്രെയിമുകളും നിർമിച്ചതു പൂർത്തീകരിക്കാത്തതിലൂടെ ലക്ഷങ്ങളുടെ നഷ്ടങ്ങൾ ഉണ്ടായിട്ടുണ്ടെന്നും അധികാരികളുടെ ഇത്തരം അലംഭാവങ്ങൾ സമൂഹത്തോടുള്ള വെല്ലുവിളിയാണെന്നും അദ്ദേഹം പറഞ്ഞു.
വിഷയത്തിന്റെ അടിയന്തര പ്രാധാന്യം കണക്കിലെടുത്ത് ജില്ലാ ഭരണകൂടം പ്രശ്നപരിഹാരത്തിന് ജാഗ്രതയോടെ ഇടപെടണമെന്നും നിഖിൽ കൊടിയത്തൂർ പരാതിയിൽ പറഞ്ഞു.