കൊടുംവരൾച്ച: അട്ടപ്പാടിയിൽ കൃഷിത്തോട്ടങ്ങൾ കരിഞ്ഞുണങ്ങുന്നു
1416828
Wednesday, April 17, 2024 1:53 AM IST
അഗളി: വേനൽമഴ ലഭിക്കാതെ അട്ടപ്പാടി കൊടുംവരൾച്ചയിലേക്ക്. അട്ടപ്പാടിയിൽ വിവിധ പ്രദേശങ്ങളിലെ കൃഷിത്തോട്ടങ്ങളിൽ വ്യാപകമായ ഉണക്ക് ബാധിച്ചു കഴിഞ്ഞു. വേനൽമഴ ഇതുവരെ ലഭിച്ചിട്ടില്ല. ചില ഇടങ്ങളിൽ അനുഭവപ്പെട്ട ദുർബലമായ ചാറ്റൽ മഴ ചൂടു വർധിക്കുന്നതിനും കൃഷികൾ ഉണങ്ങുന്നതിനും കാരണമായി. അട്ടപ്പാടിയിൽ കുടിവെള്ളക്ഷാമവും അതിരൂക്ഷമായി തുടരുകയാണ്.
കൊടുങ്ങരപള്ളം വരണ്ടു. ഭവാനി, ശിരുവാണി പുഴകൾ ഇടമുറിഞ്ഞു. അട്ടപ്പാടി പരിസ്ഥിതി പുനഃസ്ഥാപനത്തിനായി അഹാഡ്സ് നടപ്പാക്കിയ ബൃഹത് പദ്ധതികൾക്ക് തുടർച്ച ഉണ്ടായില്ലെന്നു മാത്രമല്ല, അഹാർഡ്സ് സംരക്ഷിക്കപ്പെട്ട വാട്ടർ ഷെഡുകളും, മറ്റു പരിസ്ഥിതി പുനസ്ഥാപന പദ്ധതികളും പാടെ നശിപ്പിക്കപ്പെട്ട നിലയിലാണ്. നിയന്ത്രണങ്ങൾ ഇല്ലാതെ എത്തുന്ന വമ്പൻ റിസോർട്ടുകളും മറ്റു സ്ഥാപനങ്ങളും മലകൾ ഇടിച്ചു നിരത്തിയും നൂറുകണക്കിന് ചെറുതോടുകൾ ഇല്ലാതാക്കിയും പ്രകൃതിവിരുദ്ധത തുടരുകയാണന്ന് നാട്ടുകാർ ചൂണ്ടിക്കാട്ടി. റോഡും പുഴയും തോടും കീഴടക്കി കൊണ്ടുള്ള റിസോർട്ട് നിർമാണങ്ങൾ അട്ടപ്പാടിയിൽ വർധിച്ചു വരികയാണെന്നും ബന്ധപ്പെട്ട ഉദ്യോഗസ്ഥർ ഇത്തരം പ്രവർത്തികൾക്ക് ഒത്താശ നൽകുന്നതായും നാട്ടുകാർ പരാതിപ്പെട്ടു.
ഭവാനി, ശിരുവാണി പുഴകളിലും കൊടുങ്ങരപള്ളത്തിലും അടിയന്തരമായി തടയണകൾ നിർമിക്കണമെന്നും, ചെറുതോടുകൾ സംരക്ഷിക്കുന്നതിനുള്ള സത്വര നടപടികൾ ഉണ്ടാകണമെന്നുമാണ് നാട്ടുകാരുടെ ആവശ്യം.
വന്യമൃഗ ശല്യവും വരൾച്ചയും അട്ടപ്പാടി ജനതയെ ദുരിതത്തിലേക്ക് തള്ളി വിട്ടിരിക്കുകയാണ്.