വടക്കഞ്ചേരി- മണ്ണുത്തി ആറുവരി ദേശീയപാതയിൽ ദുർഘടയാത്ര
1416834
Wednesday, April 17, 2024 1:53 AM IST
വടക്കഞ്ചേരി: വടക്കഞ്ചേരി- മണ്ണുത്തി ആറുവരി ദേശീയ പാതയിൽ വാഹനഗതാഗതം വീണ്ടും ദുഷ്കരമായി. അവസാനിക്കാത്തവിധം തുടരുന്ന റിപ്പയർ പ്രവൃത്തികളാണ് വാഹന യാത്രികരെ ദുരിതത്തിലാക്കുന്നത്. ആറുവരിപ്പാത തുടങ്ങുന്ന വടക്കഞ്ചേരി മേൽപ്പാലത്തിൽ പാലക്കാട് ലൈനിൽ വാഹനഗതാഗതം പൂർണമായും നിരോധിച്ചാണ് കുത്തി പ്പൊളിച്ചുള്ള പണികൾ നടക്കുന്നത്.
പാലക്കാട് ഭാഗത്തേക്കുള്ള വാഹനങ്ങളെല്ലാം സർവീസ് റോഡ് വഴി വിടുന്നതിനാൽ കണ്ണമ്പ്ര റോഡ് ജംഗ്ഷനിൽ വാഹനക്കുരുക്കും കടുക്കുകയാണ്. നവീകരണ പ്രവൃത്തികൾ അവസാനിക്കാൻ രണ്ടാഴ്ചയെങ്കിലും സമയമെടുക്കുമെന്നാണ് കരാർ കമ്പനി അധികൃതർ പറയുന്നത്. ദേശീയപാതയിൽ ഈ വിധം വാഹനങ്ങൾ വഴിതിരിച്ചുവിട്ടു നടത്തുന്ന പണികൾക്ക് പക്ഷേ, വേഗതയില്ല എന്ന പരാതിയുമുണ്ട്. കുതിരാനിൽ തൃശൂർ ഭാഗത്തേക്കുള്ള തുരങ്കപ്പാതയിൽ റിപ്പയർ പണികൾ തുടങ്ങിയിട്ട് അഞ്ചുമാസത്തോളമായി.
ഇപ്പോഴും മെല്ലപ്പോക്കിലാണ് പണികൾ. ടാറിംഗ്, കുഴിയടയ്ക്കൽ എന്നിവയ്ക്കായി വാഹനനിയന്ത്രണവും മറ്റു ഭാഗങ്ങളിലുമുണ്ട്.
ചുരുക്കത്തിൽ ആറുവരിപ്പാത എന്ന പേരിൽ വലിയ നിരക്കിൽ ടോൾ കൊടുത്തുപോകുന്ന വാഹനയാത്രികരെ ബുദ്ധിമുട്ടിക്കുന്ന പണികളാണ് നടക്കുന്നത്.