കൊടുംചൂടിൽ കരിഞ്ഞുണങ്ങി പൈനാപ്പിൾ തോട്ടങ്ങളും
1417089
Thursday, April 18, 2024 1:48 AM IST
വടക്കഞ്ചേരി: കൊടുംചൂടിൽ കരിഞ്ഞുണങ്ങി പൈനാപ്പിൾ തോട്ടങ്ങളും. ഇപ്പോഴുള്ള കടുത്ത ചൂട് ഉത്പാദനത്തേയും ബാധിച്ചെന്ന് കർഷകർ പറഞ്ഞു. വലുപ്പമില്ലാതെ തൂക്കം കുറഞ്ഞ പൈനാപ്പിളാണ് ഉണ്ടാകുന്നത്. ഇത് കർഷകർക്ക് ഭീമമായ നഷ്ടം ഉണ്ടാക്കും. പൈനാപ്പിൾ ചെടികളെ രക്ഷിക്കാൻ ഗ്രീൻ നെറ്റ് കൊണ്ട് തോട്ടങ്ങൾ മൂടിയിടുകയാണ്.
ഇതിനു തന്നെ ലക്ഷങ്ങൾ ചെലവാകുന്നതായി കർഷകർ പറഞ്ഞു. വലിയ പ്രതീക്ഷയോടെയായിരുന്നു വൻ തുക പാട്ടം നൽകി പലരും പൈനാപ്പിൾ കൃഷി നടത്തിയത്. എന്നാൽ വിളവെടുപ്പ് സമയമായപ്പോൾ ചൂടും വരൾച്ചയും കൃഷിക്ക് വലിയ തിരിച്ചടിയായി. ചൂടിൽ കൈതോലകൾ കരിഞ്ഞുണങ്ങി നിൽക്കുന്നതും ദയനീയമായ കാഴ്ചകളാണ്. പൊതുവെ ചൂടിലും കരുത്തോടെ നിൽക്കുന്ന പൈനാപ്പിൾ ചെടികൾക്ക് ഏതാനും ആഴ്ചകളായി തുടരുന്ന ചൂട് താങ്ങാനാകുന്നില്ല. പച്ചക്കറി തോട്ടങ്ങളും ഉണങ്ങി നശിക്കുകയാണ്. രണ്ടുനേരം നനച്ചിട്ടും കഠിനമായ ചൂടിൽ ചെടികളെല്ലാം നശിക്കുകയാണെന്ന് കർഷകർ പറഞ്ഞു.