നെല്ലിയാന്പതി വനമേഖലയിലെ യൂക്കാലിപ്റ്റസ് മരങ്ങള് മുറിച്ചുതുടങ്ങി
1417878
Sunday, April 21, 2024 6:29 AM IST
നെന്മാറ: നെല്ലിയാമ്പതി വനമേഖലയിലെ പോത്തുണ്ടി സെക്ഷനില്നിന്ന് യൂക്കാലിപ്റ്റസ് മരങ്ങള് മുറിച്ചുമാറ്റിത്തുടങ്ങി. കൂടുതല് വെള്ളമൂറ്റുന്ന യൂക്കാലിപ്റ്റസ്, മാഞ്ചിയം, അക്ക്യേഷ്യ മരങ്ങള് മുറിച്ചുമാറ്റി ഫലവൃക്ഷതൈകള് വച്ചുപിടിപ്പിക്കാനുള്ള സര്ക്കാര് തീരുമാനത്തിന്റെ ഭാഗമായാണ് നെല്ലിയാമ്പതി വനമേഖലയിലെ യൂക്കാലിപ്റ്റസ് മരങ്ങള് മുറിച്ചുമാറ്റുന്നതിന് നടപടികള് തുടങ്ങിയത്.
നെല്ലിയാമ്പതി വനമേഖലക്കു താഴെ തളിപ്പാടം ഭാഗത്തുള്ള വനമേഖലയില്നിന്നാണ് 10 വര്ഷത്തിലധികം പ്രായമുള്ള 273 മരങ്ങള് മുറിച്ചു നീക്കുന്നത്.
വനമേഖലയിലെ വിവിധ ഭാഗങ്ങളിലായി വളര്ന്നു നില്ക്കുന്ന മരങ്ങള് തിരുവനന്തപുരത്തെ കരാറുകാരന്റെ നേതൃത്വത്തില് മുറിച്ചു തുടങ്ങി. 303 മരങ്ങളാണ് ഈ ഭാഗങ്ങളിലുള്ളതായി വനം വകുപ്പിന്റെ കണക്കിലുള്ളത്.
രണ്ടു ഘട്ടങ്ങളിലായി പി.ടി. 7 ആനയെയും, ധോണിയെയും മെരുക്കുന്നതിന് കൂടൊരുക്കുന്നതിനായി ഈ ഭാഗത്തെ മരങ്ങള് മുറിച്ചുകൊണ്ടുപോയിരുന്നു. അതിനുശേഷം ബാക്കിയായ 273 മരങ്ങളാണ് ഇപ്പോള് മുറിച്ചു മാറ്റുന്നത്. മറ്റു വനമേഖലകളില് മുറിച്ചു മാറ്റുന്ന ഭാഗങ്ങളില് ഫലവൃക്ഷങ്ങള് വച്ചുപിടിക്കാനായിരുന്നു പദ്ധതി.
എന്നാല് ഈ ഭാഗങ്ങളില് വന്യമൃഗങ്ങള്ക്കാവശ്യമായ മറ്റു ഫലവൃക്ഷങ്ങള് വളര്ന്നു നില്ക്കുന്നതിനാല് മേഖലയില് ഫലവൃക്ഷങ്ങള് വച്ചുപിടിപ്പിക്കുന്നില്ലെന്ന് നെല്ലിയാമ്പതി വനം റേഞ്ച് ഓഫീസര് കെ. ഷെരീഫ് പറഞ്ഞു.