നെന്മാറയിൽ ഡിജിറ്റൽ ഭൂസർവേ ആരംഭിച്ചു; പ്രചാരണവും അവബോധവും നൽകുന്നില്ലെന്ന് പരാതി
1424706
Saturday, May 25, 2024 1:31 AM IST
ജോജി തോമസ്
നെന്മാറ: നെന്മാറ വില്ലേജിൽ ഡിജിറ്റൽ റീസർവേ ആരംഭിച്ചു. ഭൂവുടമകൾക്ക് വേണ്ടത്ര അവബോധം നൽകുന്നില്ലെന്ന് വ്യാപക പരാതി. കഴിഞ്ഞ സാമ്പത്തിക വർഷം സംസ്ഥാനത്ത് ആരംഭിച്ച പദ്ധതിയിൽ പാലക്കാട് ജില്ലയിൽ മണ്ണാർക്കാട്, പട്ടാമ്പി താലൂക്കുകളിൽ പ്രാഥമികമായി ഡിജിറ്റൽ റീസർവേ ആരംഭിച്ചിരുന്നു. എന്റെ ഭൂമി പദ്ധതി പ്രകാരം ആരംഭിച്ച ഡിജിറ്റൽ റീസർവേ നടപ്പാക്കാൻ ചിറ്റൂർ താലൂക്കിൽ തെരഞ്ഞെടുത്ത രണ്ട് വില്ലേജുകളിൽ ഒന്നാണ് നെന്മാറ വില്ലേജ്.
സർവേ ഡിപ്പാർട്ട്മെന്റിന്റെ നേതൃത്വത്തിലാണ് ആധുനിക ഡിജിറ്റൽ ഉപകരണങ്ങളുടെ സഹായത്തോടെ ഡിജിറ്റൽ ഭൂറീസർവേ നടപ്പാക്കുന്നത്. വില്ലേജുകളിലെ ഭൂരേഖകൾ ഓൺലൈനായി എടുത്താണ് ഡിജിറ്റൽ സർവേ നടത്തുന്നത്. വില്ലേജ് അധികൃതരുമായി ഡിജിറ്റൽ സർവേയ്ക്ക് യാതൊരു ബന്ധവുമില്ലാത്തതിനാൽ കൂടുതൽ വിവരങ്ങളും പൊതുജനത്തിന് അറിയുന്നില്ല. സർവേ വകുപ്പാണ് ഡിജിറ്റൽ റീസർവേ നടത്തുന്നത്. റീസർവേ പൂർത്തിയാക്കി പൊതുജനങ്ങളിൽ നിന്ന് ആക്ഷേപങ്ങൾ അപ്പീൽ മുഖേന സ്വീകരിച്ചശേഷം അവസാന രേഖകളാണ് റവന്യൂ വകുപ്പിന് ഡിജിറ്റൽ രേഖകളായി കൈമാറുക.
നെന്മാറ വില്ലേജിൽ ഡിജിറ്റൽ റീസർവേക്കായി അളുവശേരിയിൽ പ്രത്യേക ക്യാമ്പ് ഓഫീസ് കഴിഞ്ഞ മൂന്നുമാസമായി പ്രവർത്തിച്ചുവരുന്നു. ആറു ഡിജിറ്റൽ സർവേ യൂണിറ്റുകളാണ് സർവേ നടപടികൾ പൂർത്തിയാക്കുന്നത്. സർവേ ആരംഭിക്കുന്നതിന് മുന്നോടിയായി ആരംഭിക്കുന്ന സ്ഥലം ഉടമകൾക്ക് തണ്ടപ്പേർ രേഖയിലുള്ള ഫോൺ നമ്പർ മുഖേനയും അല്ലാതെയും നോട്ടീസ് നൽകുന്നുണ്ട്. എന്നാൽ പല ഭൂഉടമകളും സ്ഥലത്തില്ലാത്തതും, മറ്റു പ്രദേശങ്ങളിൽ താമസത്തിൽ ഉള്ളതും ഭൂരേഖകൾ കൈവശമില്ലാത്തതിനാലും നികുതി അടച്ച രശീതിന് അപ്പുറം മറ്റു രേഖകൾ, മിക്കവരുടെയും കൈവശമില്ലാത്തതിനാലും ഡിജിറ്റൽ റീസർവേയിൽ ആശങ്കാകുലരാണ്. മിക്ക സ്ഥലങ്ങളിലും പഴയ റീസർവേ കല്ലുകൾ കാണാതായിട്ടുള്ളതിനാൽ ഭൂവുടമകളും ആശങ്കയിലാണ്.
ഡിജിറ്റൽ റീസർവേ ആധാരമാക്കുന്നത് വില്ലേജുകളിലെ സർവേ സ്കെച്ച്, ഉടമസ്ഥാവകാശത്തിന് ബിടിആർ രേഖ എന്നിവയാണ്. ഡിജിറ്റൽ റീസർവേ റവന്യൂ രേഖകൾ പ്രകാരമാണ് മുന്നോട്ടു പോകുന്നത്. പഴയ സർവേരീതിയിൽ ടേപ്പുകൾ ഉപയോഗിച്ചുള്ള അളക്കലോ അതിർത്തി കല്ലുകൾ തെരഞ്ഞു നടക്കലോ ഇല്ല. ഡിജിറ്റൽ സർവേയിൽ സർവേ കല്ലുകൾക്കു പകരം സാറ്റലൈറ്റ് മുഖേനയുള്ള ജിയോ കോഡിനേറ്റുകളാണ് ഉപയോഗിക്കുന്നത്. ടോട്ടൽ സ്റ്റേഷൻ എന്ന ഡിജിറ്റൽ ഉപകരണവും അതിന്റെ ഭാഗമായുള്ള പ്രിസം റിഫ്ളക്ടറുമാണ് പ്രധാന സർവേ ഉപകരണം. സർവേ നടത്തുമ്പോൾ തന്നെ ഭൂമിയുടെ സ്കെച്ചും അളവും ഈ ഉപകരണത്തിൽ രേഖപ്പെടുത്തും. ഡിജിറ്റൽ റീ സർവേ ഉപകരണങ്ങളുമായി ജീവനക്കാരെത്തുമ്പോൾ ഭൂ ഉടമകളും ആശങ്കയിലാണ്. മിക്കയിടത്തും ഉടമ പോലും അറിയാതെയാണ് സർവേ പൂർത്തിയാക്കി പോകുന്നതെന്നാണ് ആക്ഷേപം.
ഡിജിറ്റൽ റീസർവേയ്ക്ക് മുമ്പായി ഗ്രാമസഭ മാതൃകയിൽ സർവേ സഭ ആരംഭിക്കണമെന്ന് സർക്കാർ നിർദേശം ഉണ്ടെങ്കിലും നെന്മാറ വില്ലേജിൽ ഇക്കാര്യത്തിൽ വേണ്ടത്ര അവബോധം നൽകുന്നില്ല. അതാത് പഞ്ചായത്ത് വാർഡ് അംഗങ്ങൾ ചെയർമാനായി വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, റസിഡൻസ് അസോസിയേഷൻ, തുടങ്ങി പ്രാദേശിക സംഘടന പ്രതിനിധികൾ എന്നിവരെ ഉൾപ്പെടുത്തി പൊതുജനങ്ങൾക്ക് ഡിജിറ്റൽ സർവേയുടെ അവബോധം നൽകണമെന്ന നിർദേശമാണ് പാലിക്കപ്പെടാത്തത്.
ഇതുമൂലം സ്ഥലത്ത് താമസമില്ലാത്തവരും, വിദേശത്ത് താമസമുള്ളവരും, മറ്റ് ജോലി സ്ഥലങ്ങളിലും ഉള്ളവരും സർവേ സമയത്ത് ഭൂരേഖകളുമായി സ്ഥലത്തെത്താൻ കഴിയാത്തതിനാലും അറിയിപ്പ് കിട്ടാത്തതിനാലും പലരും ഡിജിറ്റൽ റീ സർവേയിൽ അതിർത്തി വ്യക്തമാക്കി കാണിക്കാൻ കഴിയാത്തതിനാൽ ഭൂമിയുടെ അളവിൽ കുറവു വരുമോ എന്ന ആശങ്കയിലാണ്.