ചോർന്നൊലിക്കുന്ന വില്ലേജ് ഓഫീസ് കെട്ടിടത്തിനു പരിഹാരം എപ്പോൾ?
1425084
Sunday, May 26, 2024 7:38 AM IST
ചിറ്റൂർ: മഴയിൽ മേൽക്കൂര നശിച്ച് ചോർന്നൊലിച്ച് ഫയലുകൾക്ക് സംരക്ഷണമില്ലാത്ത ചിറ്റൂർ വില്ലേജ് ഓഫീസ് കെട്ടിടം ഉടൻ നവീകരിക്കണമെന്ന് പൊതുജനങ്ങൾ.ആറുമാസം മുൻപാണ് സ്ഥലം എംഎൽഎയും മന്ത്രിയുമായ കെ.കൃഷ്ണൻ കുട്ടിയുടെ ഇടപെടലിനെ തുടർന്ന് കെട്ടിട നിർമാണത്തിന് 50 ലക്ഷം അനുവദിച്ചത്.
ഇതിനുശേഷം നിർമിതി കേന്ദ്രം ജീവനക്കാരെത്തി പ്രാഥമിക നടപടികൾ സ്വീകരിച്ചിരുന്നു. 80 വർഷത്തിനു മുന്പ് നിർമിച്ച കെട്ടിടത്തിന്റെ മേൽക്കൂരയും ഭിത്തികൾക്കും ബലക്ഷയമുണ്ടായിരിക്കുകയാണ്. വില്ലേജ് ഓഫീസിൽ ജീവനക്കാർ ജോലി ചെയ്യുന്നതും അപകട ഭീഷണിയിലാണ്.
വിവിധ ആവശ്യങ്ങൾക്കായി ഓഫീസിലെത്തുന്നവർക്കും സുരക്ഷിതമല്ലാതായിരിക്കുകയാണ്.
ഈ കെട്ടിടത്തിനു സമീപത്തായി നിർമിച്ച കെട്ടിടവും ഉപയോഗപ്രദമല്ലാത്ത അവസ്ഥയിലാണുള്ളത്. ഏകദേശം 70 വർഷം മുന്പ് ഈ കെട്ടിടത്തിൽ പ്രവർത്തിച്ചിരുന്ന പള്ളിക്കൂടം അണിക്കോട്ടിലേക്ക് മാറ്റിയശേഷമാണ് ഇവിടെ വില്ലേജ് ഓഫിസ് പ്രവർത്തനം ആരംഭിച്ചത്. വില്ലേജ് ഓഫീസിന് വേണ്ടതായ സൗകര്യങ്ങൾ ഒന്നും തന്നെ ഇല്ല. ഫയലുകൾ മേശപ്പുറത്താണ് നിരത്തിവെച്ചിരിക്കുന്നത്.
ഈ കെട്ടിടത്തിന്റെ പഴയ കാല പ്രഭാവം നിലനിർത്തിക്കൊണ്ട് തന്നെ പുതിയ കെട്ടിടം നിർമാണം നടത്തണമെന്നാവശ്യവും ഉയർന്നിട്ടുണ്ട്. എന്നാൽ ടൗൺ മധ്യഭാഗം ചിറ്റൂർ കാവിനടുത്തുള്ള വില്ലേജ് ഓഫീസുള്ള സ്ഥലത്ത് കെട്ടിട സമുച്ചയം പണിയണമെന്ന ജനകീയാവശ്യവും ഉയരുന്നുണ്ട്. ഇത്തവണ കാലവർഷം അതിശക്തമാവുമെന്ന് കാലാവസ്ഥ നിരീക്ഷണകേന്ദ്രം മുന്നറിയിപ്പ് നൽകയിട്ടുണ്ട്.
കനത്ത മഴയേയോ കാറ്റിനേയോ പ്രതിരോധിക്കാൻ കെട്ടിടത്തിനു കഴിയില്ലെന്നത് ആശങ്കകൂട്ടുന്നുമുണ്ട്. വില്ലേജ് ഓഫീസ് രേഖകൾക്കും ജീവനക്കാർക്കും സംരക്ഷണം ലഭിക്കും വിധം മറ്റൊരു കെട്ടിടം കണ്ടെത്തുകയും കെട്ടിട നിർമാണം പൂർത്തിയാശേഷം പുനസ്ഥാപിക്കണമെന്നതും സന്ദർഭോജിത നടപടിയായിരിക്കുകയാണ്.