വിശ്രമകാലം പൂക്കൾക്കും ചെടികള്ക്കും മാറ്റിവച്ച് അച്യുതൻകുട്ടി
1425218
Monday, May 27, 2024 1:17 AM IST
മംഗലം ശങ്കരൻകുട്ടി
ഷൊർണൂർ: വിശ്രമകാലം ചെടികളും പൂക്കളും നട്ടുവളർത്തി പരിപാലിക്കാൻ മാറ്റിവച്ച് ഇവിടെ ഒരാൾ. പട്ടാമ്പി പൂവത്തിങ്കൽ അച്യുതൻകുട്ടിയെന്ന അറുപത്തിയേഴുകാരന്റെ ഇപ്പോഴത്തെ ജീവിതം പൂക്കളുടേയും പൂച്ചെടികളുടെയും ലോകത്താണ്.
അപൂർവമായ പൂച്ചെടികൾ സമ്പാദിച്ച് ഇവയെ നട്ടുനനച്ച് ആഹ്ലാദം കണ്ടെത്തുകയാണ് ഇദ്ദേഹം. സഹസ്രദളം ഉൾപ്പെടെയുളള 36 ഇനം താമരപ്പൂക്കളും, 16 ഇനം ആമ്പലുകളും അടക്കമുള്ള അപൂർവ സസ്യങ്ങളും ഇതിൽ ഉൾപ്പെടുന്നു. താമരപ്പൂക്കളിൽ അപൂർവയിനങ്ങളായ തമോ, ലക്ഷ്മി, റെഡ് ഫിലിപ്പ്, വൈറ്റ് മാസ്കി, എക്സ് സുകി, അമേരി പിയോണി, യെല്ലോ പോറൽ സിങ്ക്, ഗ്രീൻ ആപ്പിൾ, കാവേരി തുടങ്ങിയ ഇനങ്ങൾ തോട്ടത്തിലുണ്ട്. ബ്ലൂ വിസ്റ്റൽ, ബുൾസ് ഐ, പീക്ക് ബ്ലോ തുടങ്ങിയ ഇനങ്ങളാണ് ആമ്പലിലുള്ളത്.
ഒരുവർഷം മുമ്പ് ഗുജറാത്തിലെ അഹമ്മദാബാദിൽനിന്നു ജോലിവിട്ട് നാട്ടിലെത്തിയതാണ് പട്ടാമ്പി വടക്കുമുറി പൂവത്തിങ്കൽ വീട്ടിൽ അച്യുതൻകുട്ടി. നേരംപോക്കിനായാണ് പൂന്തോട്ടം തുടങ്ങിയത്. പിന്നീടാണ് താമരപ്പൂക്കൾ തോട്ടത്തിൽ വേണമെന്ന ആഗ്രഹം വന്നത്.
താമരയുടെ കിഴങ്ങുകൾ ലഭിക്കാൻ പ്രയാസമായിരുന്നു. ഓൺലൈൻ വഴി ലഭ്യമാകുമെന്നറിഞ്ഞപ്പോൾ ഓർഡർ ചെയ്തു. ഒരെണ്ണത്തിൽ തുടങ്ങിയ താമരപ്പൂ ഇന്ന് 36 ഇനങ്ങളായി മാറി. 200 രൂപ മുതൽ 2,500 രൂപവരെ വിലയുള്ള താമരക്കിഴങ്ങുകൾ ഇതിനോടകം തോട്ടത്തിലെത്തിയിട്ടുണ്ട്. മറ്റു പൂക്കളെ അപേക്ഷിച്ച് കീടങ്ങൾ, ഒച്ച് എന്നിവ കൂടുന്നത് താമരച്ചെടികൾ നശിക്കാനിടയാക്കും. ടാങ്കിലും മറ്റും ഒച്ചുശല്യം കൂടും. ചാണകപ്പൊടി, ആട്ടിൻകാഷ്ഠം എന്നിവയാണ് വളമായി നൽകുന്നത്.
പരിസരത്തെ ക്ഷേത്രങ്ങളിലേക്കും മറ്റും പൂക്കൾ നൽകാറുണ്ടെന്നും അച്യുതൻകുട്ടി പറയുന്നു. പൂക്കൾക്കുപുറമേ അലങ്കാരമത്സ്യങ്ങൾ ഉൾപ്പെടെ അച്യുതൻകുട്ടിയുടെ വീട്ടിലുണ്ട്. ഭാര്യ രമണിയുടെയും മക്കളായ അനീഷിന്റെയും അജിത്തിന്റെയും സഹായം കൂടിയാകുമ്പോൾ ഈ പൂന്തോട്ടം കണ്ണിനു വിരുന്നാകുന്നു.
കൂടുതൽ ചെടികൾ നട്ടുനച്ചു പരിപാലിച്ച് വളർത്തിയെടുക്കുക എന്നുള്ളതാണ് ഇപ്പോൾ ഇദ്ദേഹത്തിന്റെ ലക്ഷ്യം.