കെട്ടിടംപണി പൂർത്തിയായിട്ടും ചികിത്സ മാറ്റാത്തതിൽ പ്രതിഷേധം
1425219
Monday, May 27, 2024 1:17 AM IST
ചിറ്റൂർ: താലൂക്ക് സൂപ്പർ സ്പെഷാലിറ്റി ആശുപത്രിക്കെട്ടിട നിർമാണം പൂർത്തിയായി എട്ടു മാസം കഴിഞ്ഞിട്ടും ഉദ്ഘാടനം നീളുന്നതിൽ പൊതുജന പ്രതിഷേധം ശക്തം.
72 കോടിയിലധികം ചിലവഴിച്ച് കെട്ടിട നിർമാണത്തിന് ബന്ധപ്പെട്ട അധികൃതർ കാണിച്ച ശുഷ്കാന്തി ഇത് ഉപയോഗപ്രദമാക്കുന്നതിൽ പ്രകടിപ്പിക്കുന്നില്ല. വിദഗ്ദ ഡോക്ടർമാരുടെ ക്ഷാമവും ചികിത്സ ഉപകരണങ്ങൾ ഇല്ലാത്തതുമാണ് ഉദ്ഘാടനം നീളുന്നതിന് കാരണമായി ആശുപത്രി അധികൃതർ ചൂണ്ടിക്കാട്ടുന്നത്.
എന്നാൽ ഏഴുനിലകെട്ടിടത്തിന്റെ താഴത്തെ നിലയിലേക്ക് ഇപ്പോൾ പ്രവർത്തിച്ചുവരുന്ന പഴയ കെട്ടിടത്തിൽ നടത്തിവരുന്ന സേവനങ്ങൾ കാലതാമസമില്ലാതെ മാറ്റണമെന്നതും പൊതുജന ആവശ്യമായിരിക്കുകയാണ്. കെട്ടിടത്തിന്റെ മുകൾനില സേവനം ഘട്ടംഘട്ടമായി പ്രയോജനപ്പെടുത്താവുന്നതാണ്.
കാലവർഷം ആരംഭിച്ചാൽ ഒപിയിൽ 1,000 മുതൽ 1,500 വരെ രോഗികൾഎത്താറുണ്ട്. നിലവിൽ സാഹചര്യത്തിൽ ഇത്രയും പേർക്ക് നിൽക്കാൻ പോലും സ്ഥലസൗകര്യം ഇല്ല. കെട്ടിട നിർമാണം ആരംഭിച്ച സമയത്ത് ഉപകരണങ്ങൾ എത്തിക്കാനും വിദഗ്ദ ഡോക്ടർമാരെ കണ്ടെത്താനും ശ്രമം നടത്താതിരുന്നതാണ് ഉദ്ഘാടനം നീളുന്നതിന് കാരണമായിട്ടുള്ളത്.