ഇഎസ്എ: നെല്ലിയാമ്പതിയിൽ സർവകക്ഷിയോഗം ചേർന്നു
1425221
Monday, May 27, 2024 1:17 AM IST
നെല്ലിയാമ്പതി : പരിസ്ഥിതി സംവേദ പ്രദേശങ്ങൾ (ഇഎസ്എ) നിശ്ചയിക്കുന്നതു സംബന്ധിച്ച പ്രശ്നം ചർച്ചചെയ്യാൻ പഞ്ചായത്ത് സർവകക്ഷി യോഗം ചേർന്നു. സർക്കാർ പ്രസിദ്ധീകരിച്ച മാപ്പിൽ വലിയ അപാകതകളുണ്ടെന്നും യഥാർഥ രേഖകൾ സമർപ്പിക്കാൻ കൂടുതൽ സമയം അനുവദിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.
ഇക്കാര്യം ആവശ്യപ്പെട്ട് കളക്ടർക്ക് അപേക്ഷയും സമർപ്പിച്ചു. 2015ൽ ഉമ്മൻ വി. ഉമ്മൻ കമ്മിഷൻ അംഗീകരിച്ച മാപ്പിനു വിരുദ്ധമായി പ്രസിദ്ധീകരിച്ച മാപ്പ് പിൻവലിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു.
ആശങ്കയിലായ നെല്ലിയാമ്പതി തോട്ടം മേഖലയിലുള്ളവർ പുതിയ മാപ്പിൽ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി.
പഞ്ചായത്തിലെ ജനവാസ മേഖലകളും കൃഷിസ്ഥലങ്ങളും ഉൾപ്പെടെ മുഴുവൻ പ്രദേശവും ബഫർ സോൺ ആക്കുന്നതുമായി വന്ന റിപ്പോർട്ടിനെതിരെയാണ് പ്രതിഷേധം.
പുതിയ മാപ്പ് പ്രകാരം പഞ്ചായത്തിൽ ഒരേക്കർ ഒഴികെ മുഴുവൻ പ്രദേശവും പരിസ്ഥിതി ലോല മേഖലയാകും.
2022 ജൂലൈയിൽ പഞ്ചായത്ത് ഭരണ സമിതി പ്രത്യേക യോഗം ചേർന്ന് ഇതിനെതിരെ പ്രമേയം പാസാക്കിയിട്ടും ഒരു പരിഗണനയും ലഭിച്ചില്ല.
നെല്ലിയാമ്പതിയിൽ 1863 മുതൽ ഏകദേശം 10,000 ഏക്കർ സ്ഥലത്ത് ചായ, കാപ്പി, റബർ, ഏലം, കുരുമുളക് തുടങ്ങിയ കൃഷി ചെയ്തു വരുന്നുണ്ട്.
സ്ഥിരതാമസക്കാരായ 5,400 പേർക്കു പുറമേ നെല്ലിയാമ്പതിയിൽ അതിഥി തൊഴിലാളികളായി 5,000 തൊഴിലാളികൾ വേറെയുമുണ്ട്.
2021 ജനുവരിയിൽ കേന്ദ്രസർക്കാർ പറമ്പിക്കുളം കടുവ സങ്കേതത്തിൽ ഉൾപ്പെടുന്ന പരിസ്ഥിതി ലോലമേഖല സംബന്ധിച്ച് കരട് പ്രഖ്യാപിച്ചപ്പോൾ വ്യാപക പ്രതിഷേധം ഉയരുകയും ഫെബ്രുവരിയിൽ പഞ്ചായത്ത് ഇടപെട്ട് നടപടി പുനഃപരിശോധിക്കാൻ ആവശ്യപ്പെട്ട് കേന്ദ്രത്തിന് നിവേദനം നൽകുകയും ചെയ്തിരുന്നു. എന്നാൽ ഇതിന് ഇതുവരെയായും അനുകൂല മറുപടി ലഭിച്ചില്ല. പിന്നീട് 2022 ഏപ്രിലിൽ സർക്കാർ ഇതു സംബന്ധിച്ച് പഞ്ചായത്ത് അംഗങ്ങളുടെ അഭിപ്രായം ആരാഞ്ഞു.
ഒട്ടേറെ സർക്കാർ സ്ഥാപനങ്ങളും കെട്ടിടങ്ങളുമുണ്ടെന്നും തോട്ടം മേഖലയുടെ പ്രവർത്തനം തന്നെ നിലച്ചുപോകുമെന്നും പഞ്ചായത്തിലെ ജനങ്ങൾക്കു മുഴുവൻ പലായനം ചെയ്യേണ്ടിവരുമെന്നുമുള്ള ആശങ്ക പങ്കുവച്ച അംഗങ്ങളുടെ മറുപടി പരിഗണിച്ച അധികൃതർ ജനവാസ മേഖല ഒഴിവാക്കുമെന്നു രേഖാമൂലം അറിയിച്ചെങ്കിലും പിന്നീട് നിലപാട് മാറ്റിയതായി പ്രദേശവാസികൾ കുറ്റപ്പെടുത്തി.