റെയിൻഗാർഡ് ഉത്പന്നങ്ങൾ വിതരണം ചെയ്യാതെ റബർബോർഡ്
1425446
Tuesday, May 28, 2024 1:49 AM IST
നെന്മാറ: തുടർച്ചയായ മഴയും റബർബോർഡിന്റെ സഹായമില്ലാതായതും കർഷകർക്കു വിനയാകുന്നു.
മുൻവർഷങ്ങളിൽ റബർബോർഡ് ഉത്പാദക സംഘങ്ങൾ മുഖേന സബ്സിഡി നിരക്കിൽ കർഷകർക്ക് റെയിൻ ഗാർഡ് ഉത്പന്നങ്ങൾ നൽകിയിരുന്നു.
ഇതിനുള്ള അപേക്ഷകളും മാർച്ച് മാസത്തിനുമുമ്പ് തന്നെ സ്വീകരിക്കാറുള്ളത് ഇക്കുറിയുണ്ടായില്ല. റബർ ബോർഡിന്റെ സഹായം ഇല്ലാതായാതു മഴമറ സ്ഥാപിക്കുന്നതിന് കർഷകർക്ക് കൂടുതൽ സാമ്പത്തിക ചെലവിനു വഴിയൊരുക്കുമെന്നതാണ് ഏറെ ആശങ്ക പടർത്തുന്നത്.
സാധാരണ ഒന്നോ രണ്ടോ വേനൽ മഴകൾ ലഭിച്ചതിനുശേഷം കാലവർഷം ആരംഭിക്കുന്നതിനു മുന്നോടിയായായാണ് റബർമരങ്ങളിൽ മഴമറ സ്ഥാപിക്കാറുള്ളത്. ഇക്കുറി വേനൽമഴ ഇല്ലാതായതും പെയ്തു തുടങ്ങിയപ്പോൾ ശക്തമായി തുടർമഴ പെയ്തതുമാണ് റബർ കർഷകരെ ബുദ്ധിമുട്ടിലാക്കിയത്.
കാലവർഷത്തിനു മുമ്പായി മഴമറ സ്ഥാപിക്കാൻ കഴിഞ്ഞില്ലെങ്കിൽ റബർടാപ്പിംഗ് സെപ്റ്റംബറിലേക്ക് നീണ്ടുപോകും.
റബറിനു വിപണി വില ഉയർന്നു നിൽക്കുന്ന സമയത്ത് മഴമറയിട്ട് ടാപ്പിഗ് നടത്തിയില്ലെങ്കിൽ കർഷകനു വരുമാന നഷ്ടമുണ്ടാകും. കഴിഞ്ഞവർഷത്തേക്കാൾ മഴ മറയിടുന്ന പ്ലാസ്റ്റിക് ഷീറ്റിനും പശയ്ക്കും വില കുറഞ്ഞിട്ടുണ്ട്. ഒരു കിലോ പ്ലാസ്റ്റിക്കിന് 150 ൽ നിന്നും 140 രൂപയായി ഈ വർഷം വിലകുറഞ്ഞു. റെയിൻ ഗാർഡ് മരത്തിൽ പിടിപ്പിക്കുന്നതിന് വേണ്ടി ഉപയോഗിക്കുന്ന 25 കിലോ ഉള്ള ഒരു ടിൻ പശയ്ക്ക് 1400ൽ നിന്നും 1300 രൂപയായി കുറഞ്ഞിട്ടുണ്ടെന്ന് വ്യാപാരികൾ പറഞ്ഞു.
ഉത്പന്നങ്ങൾക്കു വിലക്കുറവുള്ള സാഹചര്യത്തിലും റെയിൻഗാർഡ് പണികൾ തുടങ്ങാനാകാതെ വലയുകയാണ് കർഷകർ.