തമിഴ് വ്യാപാരി ആക്രമിക്കപ്പെട്ട സംഭവം: അന്വേഷണം തമിഴ്നാട്ടിലേക്ക്
1436208
Monday, July 15, 2024 1:47 AM IST
ഒറ്റപ്പാലം: ഭാരതപ്പുഴയിൽ മായന്നൂർ പാലത്തിനു താഴെ തമിഴ്നാട് സ്വദേശിക്കുനേരെയുണ്ടായ ആക്രമണവുമായി ബന്ധപ്പെട്ട അന്വേഷണം തമിഴ്നാട്ടിലേക്ക്.
പുഴയിൽ കുളിക്കാനിറങ്ങിയ കരൂർ കൃഷ്ണരായപുരം മുതലിയാർ സ്ട്രീറ്റിലെ പത്മനാഭന്റെ (40) മൊഴിപ്രകാരം പ്രതികളെ കുറിച്ചുള്ള ചില സൂചനകളുടെ അടിസ്ഥാനത്തിലാണിത്.
ഇദ്ദേഹത്തിന്റെ കൈയിലുണ്ടായിരുന്ന പണം ലക്ഷ്യമിട്ടുള്ള ആക്രമണമായിരുന്നില്ല ഇതെന്നാണ് പോലീസിന്റെ നിഗമനം. പുഴയിലെ വിജനമായ പ്രദേശത്തു കഴിഞ്ഞ ദിവസം രാവിലെ ഏഴരയോടെയാണു സംഭവം.
തലയിലും ദേഹത്തും ഗുരുതര പരിക്കേറ്റ പത്മനാഭൻ തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. കത്തികൊണ്ടുള്ള ആക്രമണത്തിൽ തലയിലും മുതുകിലും കഴുത്തിലുമാണു സാരമായ പരുക്ക്.
മായന്നൂർപാലത്തിനു താഴെനിന്നു കിഴക്ക് 200 മീറ്ററോളം അകലെയാണ് ആക്രമണമുണ്ടായത്. വാണിയംകുളം പ്രതിവാര കന്നുകാലിച്ചന്തയിലേക്ക് കച്ചവടത്തിനായി സ്ഥിരമായി വരാറുള്ളയാളാണു പത്മനാഭൻ. വ്യാഴാഴ്ചകളിലെ ചന്തയിലേക്കു ട്രെയിൻ മാർഗം ഒറ്റപ്പാലത്തെത്തി റെയിൽവേ സ്റ്റേഷനു സമീപം പുഴയിൽ കുളിച്ച ശേഷം ചന്തയിലേക്കു പോവുന്ന പതിവാണുള്ളത്.
ഇദ്ദേഹത്തിന്റെ കൈയിൽ കച്ചവടത്തിനായുള്ള പണവും ഉണ്ടാകാറുണ്ട്. പതിവുപോലെ ട്രെയിൻ ഇറങ്ങി പുഴയിൽ കുളിക്കാൻ പോയപ്പോഴാണ് ആക്രമണം. സ്ഥലത്തുനിന്ന പാഴ്വസ്തുക്കൾ പെറുക്കാൻ എത്തിയ ആളാണു രക്തത്തിൽ കുളിച്ചു നിന്നിരുന്ന പത്മനാഭനെ ആദ്യം കണ്ടത്. ഇതിനുപിന്നാലെ പത്മനാഭൻ പുഴയോരത്തുനിന്ന് ഒറ്റയ്ക്കു നടന്നു സമീപത്തെ റെയിൽപാത കുറുകെക്കടന്ന് പാലത്തിനടിയിലെ കള്ളുഷാപ്പ് പരിസരം വരെ എത്തിയിരുന്നു.
രക്തംവാർന്ന നിലയിൽ ഇവിടെ കുഴഞ്ഞുവീണ ഇയാളെ പോലീസ് എത്തിയാണ് ആദ്യം താലൂക്ക് ആശുപത്രിയിലേക്കും പിന്നീട് തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിലേക്കും കൊണ്ടുപോയത്.
അക്രമികളെക്കുറിച്ചു വ്യക്തമായ വിവരം ലഭ്യമായിട്ടില്ല. സംഭവത്തിനു ശേഷം ഇവിടെ നിന്നു ചിലർ ഓടിപ്പോയതായി പോലീസിനു സൂചന ലഭിച്ചിട്ടുണ്ട്.
സ്ഥലത്തു പോലീസും വിരലടയാള വിദഗ്ധരും സയന്റിഫിക് സംഘവും ഡോഗ് സ്ക്വാഡും പരിശോധന നടത്തി.