സംസ്ഥാനപാതയിൽ ഒരാഴ്ചമുന്പ് പണിതീര്‍ത്ത കൾവർട്ട് തകർന്നു
1436494
Tuesday, July 16, 2024 1:23 AM IST
വടക്കഞ്ചേരി: പൊതുമരാമത്തു വകുപ്പിന്റെ ഗുണമേന്മയില്ലാത്ത പണികളുടെ നേർക്കാഴ്ചയാണ് വടക്കഞ്ചേരി മംഗലം- നെന്മാറ- ഗോവിന്ദാപുരം സംസ്ഥാനപാതയിൽ. മംഗലംപാലത്തിനു സമീപം ഹീറോ ഷോറൂമിനടുത്ത് ഇന്നലെ രാവിലെ ഒമ്പതുമണിയോടെയുണ്ടായതു ദുരിതക്കാഴ്ചകൾ.
പുനർനിർമിച്ച് ഒരാഴ്ചമുമ്പുമാത്രം തുറന്ന കൾവർട്ടിനു മുകളിലെ സ്ലാബിന്റെ കോൺക്രീറ്റെല്ലാം താഴെവീണ് പുറമേക്കു കമ്പിമാത്രമായി.
ഈ തട്ടിക്കൂട്ട് പണികൾ രണ്ടുദിവസത്തിനുള്ളിൽ വീണ്ടും അപകടക്കെണിയായി മാറും. ചെറിയ വാഹനങ്ങൾക്കു മംഗലംപാലം ജംഗ്ഷനിൽ നിന്നും ദേശീയപാതയുടെ സർവീസ് റോഡുവഴി തിരിഞ്ഞ് പഴയ വില്ലേജ് ഓഫീസിനു മുന്നിലൂടെ സംസ്ഥാന പാതയിലേക്ക് കയറി പോകാനാകും. വടക്കഞ്ചേരിക്ക് വരാനും ചെറിയ വാഹനങ്ങൾക്ക് ഈ സർവീസ് റോഡ് വഴി വരാം.
എന്നാൽ ബസുൾപ്പെടെയുള്ള വലിയ വാഹനങ്ങൾക്ക് സർവീസ് റോഡിൽനിന്നും തിരിഞ്ഞുവരാൻ കഴിയില്ല.അതിനാൽ ഈ തകർന്ന കൾവർട്ടിനു മുകളിലൂടെ തന്നെ കടന്നു പോകണം.
കൾവർട്ടുകൾ തമ്മിലുള്ള ജോയിന്റ് വരുന്നിടത്താണ് തകർന്നതെന്നും വാഹനങ്ങൾ പോകുന്നതുകൊണ്ടാണ് സ്ലാബ് തകരുന്നതെന്നുമാണ് അധികൃതരുടെ വിശദീകരണം. എൻജിനീയർമാർ ചുറ്റും നിന്ന് മേൽനോട്ടം വഹിച്ച് നിർമിച്ച കൾവർട്ടാണ് ഇങ്ങനെ ദിവസങ്ങൾക്കുള്ളിൽ തകർന്നത്.