നെല്ലിയാമ്പതിയിലെ യുപി, ഹൈസ്കൂൾ പഠനം വിദ്യാർഥികൾക്കു കീറാമുട്ടി
1436500
Tuesday, July 16, 2024 1:23 AM IST
നെല്ലിയാമ്പതി: തോട്ടംതൊഴിലാളികളുടെയും ആദിവാസി വിഭാഗങ്ങളുടെയും മക്കൾ പഠിക്കുന്ന സ്കൂളിൽ അധ്യാപക തസ്തിക ഒഴിഞ്ഞുകിടക്കുന്നു. വിദ്യാർഥികൾ പഠനം തുടരാനാവാതെ ബുദ്ധിമുട്ടിൽ.
നെല്ലിയാമ്പതി പഞ്ചായത്തിലെ ഏക ഹയർ സെക്കൻഡറി സ്കൂളായ നൂറടി പോളച്ചിറയ്ക്കൽ സ്കൂളിലാണ് യുപി വിഭാഗത്തിലും ഹൈസ്കൂൾ വിഭാഗത്തിലും അധ്യാപകരില്ലാത്തത്.
അധ്യയന വർഷം ആരംഭിച്ചതുമുതൽ മലയാളം, സയൻസ് വിഷയങ്ങളിൽ അധ്യാപകരുണ്ടായിരുന്നില്ല. എന്നാൽ നിയമനം നടത്തേണ്ട മാനേജ്മെന്റ് വിദ്യാഭ്യാസ വകുപ്പ് അധികൃതരുമായുള്ള ശീതസമരംമൂലം ഇതിനു ശ്രമിക്കുന്നില്ലെന്നാണ് ആക്ഷേപം. ഇതുസംബന്ധിച്ച് പ്രദേശവാസികൾ മുഖ്യമന്ത്രിക്കും വിദ്യാഭ്യാസമന്ത്രിക്കും പരാതി നൽകിയിട്ടുണ്ട്. താത്കാലിക അധ്യാപക നിയമനമെങ്കിലും ഉടനടി നടത്തണമെന്നു പരാതിയിൽ പറയുന്നു.
വിദ്യാർഥികളുടെ പഠനം മുടങ്ങാതിരിക്കാനായി വിഷയത്തിൽ നെല്ലിയാമ്പതി പഞ്ചായത്തധികൃതരും ഇടപെട്ടിട്ടുണ്ട്. പ്രശ്നപരിഹാരത്തിനായി പഞ്ചായത്ത് പ്രസിഡന്റ് പ്രിൻസ് ജോസഫ് സർവകക്ഷി യോഗം വിളിച്ചു. നാല് അധ്യാപകരുടെ ഒഴിവുണ്ടായിട്ടും നിയമനം നടത്താത്ത മാനേജ്മെന്റ് നടപടി ചർച്ച ചെയ്തു.
വിദ്യാർഥികളുടെ പഠനം ബുദ്ധിമുട്ടിലായ സാഹചര്യത്തിൽ സ്കൂൾ സർക്കാർ ഏറ്റെടുക്കണമെന്നു യോഗം ആവശ്യപ്പെട്ടു. അടുത്ത പഞ്ചായത്ത് ബോർഡ് യോഗത്തിൽ ഇതു സംബന്ധിച്ച പ്രമേയം പാസാക്കുമെന്നും താത്കാലിക അധ്യാപക നിയമനത്തിനുള്ള നിയമനടപടികൾ സ്വീകരിക്കുമെന്നും പഞ്ചായത്ത് അധികൃതർ പറഞ്ഞു.
നിലവിലുള്ള മാനേജ്മെന്റ് സ്കൂൾ മറ്റൊരുസ്വകാര്യ വ്യക്തിക്ക് കൈമാറിയെന്നും പുതിയ മാനേജ്മെന്റ് വിദ്യാഭ്യാസ വകുപ്പുമായുള്ള തർക്കത്തെ തുടർന്ന് ഏറ്റെടുക്കാൻ തയാറാകാത്തതുമാണ് നിയമനം തടസപ്പെടാൻ കാരണമെന്നു സർവകക്ഷി പ്രതിനിധികൾ അറിയിച്ചു.
യോഗത്തിൽ പഞ്ചായത്ത് പ്രസിഡന്റ് പ്രിൻസ് ജോസഫ് അധ്യക്ഷത വഹിച്ചു. സ്ഥിരംസമിതി അധ്യക്ഷൻ പി. സഹനാഥൻ, കെ. ശിവൻ, വി. ഷിബു, എ. സലിം., കെ.ജെ. ഫ്രാൻസിസ്, കെ. ചന്ദ്രശേഖരൻ, ആർ. ഷിബു എന്നിവർ വിവിധ കക്ഷികളെ പ്രതിനിധീകരിച്ചു പങ്കെടുത്തു.