മരങ്ങൾ വീണും പോസ്റ്റുപൊട്ടിയും വ്യാപകനാശം
1436502
Tuesday, July 16, 2024 1:23 AM IST
ചിറ്റൂർ: താലൂക്കിൽ പെയ്യുന്ന തുടർച്ചയായ മഴയിൽ മരങ്ങൾ വീണ് ഇലക്ട്രിക് പോസ്റ്റുകളും കമ്പികളും പൊട്ടി നിരവധി സ്ഥലങ്ങളിൽ നാശമുണ്ടായി. പല ഭാഗങ്ങളിലും നെൽകൃഷി വെള്ളത്തിൽ മുങ്ങിക്കിടപ്പാണ്. മഴ കാരണം വയലുകളിൽനിന്നും വെള്ളം ഒഴിഞ്ഞുപോകുന്നില്ല. വണ്ടിത്താവളത്ത് പുറയോരം - കൈതറവ് പാതയിൽ എട്ട് വൈദ്യുതിതൂണുകൾ പൊട്ടിയിട്ടുണ്ട്.
തത്തമംഗലം ടൗൺ കെഎസ്എഫ്ഇ ഓഫീസിനു മുന്നിൽ മരം വീണ് അഞ്ചും മടുപ്പിക്കാവിൽ രണ്ടും അത്തിമണിയിൽ ഒന്നും ചിറ്റൂർ കണക്കമ്പാറയിൽ ഒരു പോസ്റ്റും പൊട്ടിയിട്ടുണ്ട്. വവ്വാക്കോട് വിളയോടി, കിഴക്കേകുപ്പയ്യൻചള്ള, രാഘവപുരം, പുന്നക്കോട് എന്നിവിടങ്ങളിൽ മരംവീണ് കമ്പിപൊട്ടി വൈദ്യുതി തടസപ്പെട്ടിട്ടുണ്ട്.
താലൂക്കിലെ പ്രധാന പാതകളിലെല്ലാം റോഡിൽ മരച്ചില്ലകൾ വീണുകിടപ്പുണ്ട്. വണ്ടിത്താവളം കൈതറവിൽ ഉണ്ണികൃഷ്ണൻ, വിശ്വനാഥൻ, വിനീത, കൃഷ്ണൻ, ഷൺമുഖൻ ഭാർഗവി, ദീഭൽസ്, മണി എന്നിവരുടെ പത്തേക്കർ നെൽകൃഷി വെള്ളംമുങ്ങി കിടക്കുകയാണ്. വൈദ്യുതി തടസപ്പെട്ട സ്ഥലങ്ങളിൽ പുന:സ്ഥാപിക്കാനുള്ള ശ്രമങ്ങൾ നടന്നു വരികയാണ്.
മഴകാരണം ആശുപത്രികളിൽ പനി ബാധിച്ചെത്തുന്നവരുടെ എണ്ണം ക്രമാതീതമായി വർധിച്ചിട്ടുണ്ട്.