കനാലിലെ മരം പൊട്ടിവീഴുമെന്ന ഭീതിയിൽ യാത്രക്കാർ
1436621
Wednesday, July 17, 2024 12:56 AM IST
കല്ലടിക്കോട്: മഴയും കാറ്റും ശക്തമാകുന്നതോടെ കനാലിലെ വാക മരം കടപുഴകി പൊട്ടി വീഴുമെന്ന ഭീതിയിൽ യാത്രക്കാർ. കാഞ്ഞിരപ്പുഴ കനാലിലെ കല്ലടിക്കോട് കീരിപാറ റോഡിനോടു ചേർന്നു നിൽക്കുന്ന വാകമരമാണ് വാഹനങ്ങൾക്കും കൽനട യാത്രക്കാർക്കും സമിപത്തെ വീട്ടുകാർക്കും ഭീഷണിയായിത്തിർന്നിരിക്കുന്നത്.
ബലം കുറഞ്ഞ മരം ഒരു പ്രദേശം മുഴുവൻ പടർന്നു നിൽക്കുകയാണ്. നീളമുള്ള മരത്തിന്റെ ശിഖരങ്ങൾ സമീപത്തെ വീടുകൾക്കു മുകളിലേയ്ക്കാണ് ചെരിഞ്ഞു നിൽക്കുന്നത്.
ശക്തമായ കാറ്റടിച്ചാൽ മരം കനാലിലേയ്ക്കോ വീടുകളുടെ മുകളിലേയ്ക്കോ മറിഞ്ഞു വീഴാം. കനൽ വരമ്പിലൂടെ പോകുന്ന 110 കെവി വൈദ്യുതി പോസ്റ്റിന്റെ സ്റ്റേ വയർ വലിച്ചു കെട്ടിയിരിക്കുന്നതും ഈ മരത്തിലാണ്. മഴ പെയ്യുമ്പോൾ ഈ കമ്പിയിലൂടെ കറണ്ട് കടന്നു പോകാനും മരത്തിൽ സ്പർശിക്കുമ്പോൾ ഷോക്കേൽക്കാനുമുള്ള സാധ്യത കൂടുതലാണ്.
മരത്തിന്റെ വേരുകൾ കനാലിന്റെ ഉള്ളിലേയ്ക്കായി നിൽക്കുന്നത് കനാൽ ബണ്ടിന്റെ ബലക്ഷയത്തിനും കാരണമാകുന്നുണ്ട്. റോഡിൽ ചെറിയ വിള്ളലുകളും രൂപപ്പെടുന്നുണ്ട്.
അപകടകരമായ ഈ മരം മുറിച്ചു നീക്കണമെന്ന ആവശ്യം ശക്തമാവുകയാണ്.