വടക്കഞ്ചേരി: നാഷണൽ സർവീസ് സ്കീം ഹയർ സെക്കൻഡറി സ്കൂളുകളിൽ നടപ്പിലാക്കിയ മല്ലികാരാമം പദ്ധതി വൻവിജയം. ഓണാഘോഷത്തിനായി പൂതേടി അലയേണ്ട. വർണപ്രപഞ്ചമൊരുക്കിയ പൂവസന്തമാണ് സ്കൂൾമുറ്റങ്ങളിലെല്ലാം. മുമ്പൊക്കെ വലിയ വിലനൽകി തമിഴ്നാട് പൂക്കളാണ് പൂക്കളം ഒരുക്കാൻ കുട്ടികൾ വാങ്ങിയിരുന്നത്. ഇതിനു ബദലായി സ്കൂളിൽതന്നെ ചെണ്ടുമല്ലി വച്ചുപിടിപ്പിക്കുന്ന പദ്ധതിയാണ് മല്ലികാരാമം. ജില്ലയിലെ 88 സ്കൂളുകളിലായി ഈ പദ്ധതി നടപ്പിലാക്കിയിരുന്നു.
ആയക്കാട് സിഎ ഹയർസെക്കൻഡറി സ്കൂൾ യൂണിറ്റിലെ ആദ്യ വിളവെടുപ്പ് പിടിഎ പ്രസിഡന്റ് കെ.ഡി. ലെനിൻ ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ കെ. അനൂപ് , ഹെഡ്മിസ്ട്രസ് കെ. ജയവല്ലി, എൻഎസ്എസ് ജില്ലാ കോ-ഓർഡിനേറ്റർ പ്രവീൺ ശശിധരൻ, പ്രോഗ്രാം ഓഫീസർ രമ്യ ആർ. ദാസ്, പിടിഎ ഭാരവാഹികൾ, അധ്യാപകർ, വോളന്റിയർമാർ എന്നിവർ പങ്കെടുത്തു. ആദ്യ വിളവെടുപ്പിൽ തന്നെ 20 കിലോ പൂക്കൾ പറിച്ചതായി വിദ്യാർഥികൾ പറഞ്ഞു. കുട്ടികൾ തന്നെയായിരുന്നു പൂച്ചെടികളുടെ നടീലും പരിപാലനവുമെല്ലാം നടത്തിയിരുന്നത്.