കു​റു​വാ​യ്പാ​ട​ത്തു മൂ​ന്നേ​ക്ക​റി​ലെ നെൽകൃ​ഷി പന്നിക്കൂട്ടം ന​ശി​പ്പി​ച്ചു
Sunday, September 15, 2024 4:57 AM IST
വ​ട​ക്ക​ഞ്ചേ​രി: കൊ​യ്യാ​ൻ പാ​ക​മാ​യ നെ​ൽ​പ്പാ​ട​ങ്ങ​ളി​ൽ കാ​ട്ടു​പ​ന്നി​ക​ളു​ടെ വി​ള​യാ​ട്ടം. ജൈ​വരീ​തി​യി​ൽ കൃ​ഷി ന​ട​ത്തു​ന്ന വ​ട​ക്ക​ഞ്ചേ​രി പ​ഞ്ചാ​യ​ത്തി​ലെ കു​റു​വാ​യ് പാ​ട​ശേ​ഖ​ര​ത്തി​ൽ ഉ​ൾ​പ്പെ​ടെ നെ​ൽ​പ്പാ​ട​ങ്ങ​ളി​ലെ​ല്ലാം പ​ന്നി​ക്കൂ​ട്ട​ങ്ങ​ൾ വ​ലി​യ നാ​ശ​ന​ഷ്ട​മാ​ണ് ക​ർ​ഷ​ക​ർ​ക്ക് ഉ​ണ്ടാ​ക്കു​ന്ന​ത്. ഉ​ഴു​തുമ​റി​ക്കും പോ​ലെ​യാ​ണ് പ​ന്നി​ക​ൾ ക​ണ്ട​ത്തി​ലി​റ​ങ്ങി മ​ണ്ണി​ള​ക്കി നെ​ല്ല് ന​ശി​പ്പി​ക്കു​ന്ന​ത്.

കൊ​യ്യാ​ൻ പാ​ക​മാ​യ നെ​ൽച്ചെടി​ക​ൾ നി​ല​ത്ത് വീ​ണാ​ൽ പി​ന്നെ യ​ന്ത്രകൊ​യ്ത്തും ന​ട​ക്കി​ല്ലെ​ന്ന് കു​റ​വാ​യ് പാ​ട​ത്ത് ഭാ​ര​തീ​യ പ്ര​കൃ​തി കൃ​ഷി​ക്ക് നേ​തൃ​ത്വം ന​ൽ​കു​ന്ന പ്ര​സി​ഡ​ന്‍റ് ശാ​ന്ത​കു​മാ​ർ പ​റ​ഞ്ഞു.

78 വ​യ​സു​ള്ള മ​ണി​യെ പോ​ലെ​യു​ള്ള ക​ർ​ഷ​ക​ർ ഇ​വി​ടെ പാ​ട്ട​ത്തി​ന് സ്ഥ​ലം എ​ടു​ത്താ​ണ് ഒ​ന്നാംവി​ള കൃ​ഷി ഇ​റ​ക്കി​യി​ട്ടു​ള്ള​ത്. ഇ​തു​വ​രെ സം​ര​ക്ഷി​ച്ചു വ​ന്ന നെ​ല്ല് കൊ​യ്ത്തി​നു തൊ​ട്ടു​മു​മ്പ് ഇ​ത്ത​ര​ത്തി​ൽ ന​ശി​പ്പി​ച്ചാ​ൽ ക​ട​ബാ​ധ്യ​ത പോ​ലും തീ​ർ​ക്കാ​നു​ള്ള നെ​ല്ല് കി​ട്ടി​ല്ലെ​ന്ന വി​ഷ​മ​മാ​ണ് ക​ർ​ഷ​ക​ർ പ​ങ്കു​വ​ക്കു​ന്ന​ത്. മു​മ്പൊ​ന്നും ഇ​ല്ലാ​ത്ത വി​ധ​മാ​ണ് ഇ​ക്കു​റി പ​ന്നി​ക്കൂ​ട്ട​ങ്ങ​ൾ നെ​ൽ​പ്പാ​ട​ങ്ങ​ളി​ൽ ഇ​റ​ങ്ങു​ന്ന​ത്. മ​യി​ൽ ശ​ല്യ​വു​മു​ണ്ട്.


കു​റു​വാ​യ്പാ​ട​ത്ത് പ​തി​നെ​ട്ട് ഏ​ക്ക​റി​ലാ​ണ് ഭാ​ര​തീ​യ പ്ര​കൃ​തി കൃ​ഷി ന​ട​ത്തു​ന്ന​ത്. ഇ​തെ​ല്ലാം ന​ശി​പ്പി​ക്കു​ന്ന സ്ഥി​തി​യാ​ണി​പ്പോ​ൾ. പ​ന്നി​യെ വെ​ടി​വ​യ്ക്കാ​ൻ ലൈ​സ​ൻ​സ് ഉ​ള്ള​വ​ർ ഉ​ണ്ടെ​ങ്കി​ലും വെ​ടി​വ​ക്കു​മ്പോ​ൾ പാ​ലി​ക്കേ​ണ്ട നൂ​ലാ​മാ​ല​ക​ൾ മൂ​ലം ഇ​വ​ർ ഉ​ദ്യ​മ​ത്തി​ൽ നി​ന്നും പി​ന്മാ​റു​ക​യാ​ണ്.

പ​ന്നി​യെ വെ​ടി​വ​യ്ക്കാ​നു​ള്ള ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ ല​ളി​ത​മാ​ക്കി കൃ​ഷി​ക്ക് മു​ൻ​ഗ​ണ​ന ന​ൽ​കി​യു​ള്ള ഉ​ത്ത​ര​വു​ക​ൾ ഉ​ണ്ടാ​ക​ണ​മെ​ന്നാ​ണ് ആ​വ​ശ്യം.