ഭാരതപ്പുഴയ്ക്കു കുറുകെ പുതിയ റെയിൽപ്പാലത്തിനു നടപടി തുടങ്ങി
1453485
Sunday, September 15, 2024 4:57 AM IST
ഷൊർണൂർ: ഭാരതപ്പുഴക്ക് കുറുകെ റെയിൽവേ പുതിയപാലം നിർമാണ ജോലികൾ തുടങ്ങി. ഷൊർണൂർ ജംഗ്ഷൻ റെയിൽവേ സ്റ്റേഷനിലും, പരിസരങ്ങളിലും ട്രെയിനുകൾ കാത്തുകിടക്കേണ്ടിവരുന്നത് ഒഴിവാക്കാനുള്ള റെയിൽവേ പദ്ധതിയുടെ ആദ്യഘട്ടമായിട്ടാണ് ഭാരതപ്പുഴയിൽ പുതിയപാലം നിർമാണത്തിന്റെ സ്ഥലമേറ്റെടുക്കൽ പ്രവൃത്തികൾ തുടങ്ങിയത്.
ദക്ഷിണ റെയിൽവേ രണ്ടു വർഷം മുൻപു സമർപ്പിച്ച പദ്ധതിയാണ് ആരംഭിച്ചത്. ഷൊർണൂർ യാഡ് റീമോഡലിംഗും ഇതിന്റെ ഭാഗമായി നടക്കും. ഭൂമിയേറ്റെടുക്കാൻ ഒരു വർഷമാണു നൽകിയിട്ടുള്ളത്. 2027 ഫെബ്രുവരിയിൽ പദ്ധതി പൂർത്തിയാക്കുകയാണു ലക്ഷ്യം. ഷൊർണൂരിൽ നിന്നു മംഗളൂരു ഭാഗത്തേക്കു മാത്രമാണു പാത ഇരട്ടിപ്പിക്കൽ നടന്നിട്ടുള്ളത്. പാലക്കാട്, തൃശൂർ ഭാഗത്തേക്കുള്ള പാത ഇരട്ടിപ്പിക്കണമെന്നതു കേരളത്തിന്റെ ഏറെക്കാലമായുള്ള ആവശ്യമായിരുന്നു.
പദ്ധതി നടപ്പാകുന്നതോടെ ട്രെയിനുകൾ വള്ളത്തോൾ നഗറിലും ഷൊർണൂരിലും പിടിച്ചിടുന്നത് ഒഴിവാകും.