ഉ​ത്രാ​ടപ്പാ​ച്ചി​ലി​ന്‍റെ തി​ര​ക്കി​ല​മ​ർ​ന്ന് നാ​ടും ന​ഗ​ര​വും
Sunday, September 15, 2024 4:57 AM IST
ഒറ്റ​പ്പാ​ലം: ഉ​ത്രാ​ടപ്പാ​ച്ചി​ലി​ന്‍റെ തി​ര​ക്കി​ല​മ​ർ​ന്ന് നാ​ടും ന​ഗ​ര​വും. ഓ​ണാ​ഘോ​ഷ​ത്തി​ന്‍റെ അ​വ​സാ​ന​വ​ട്ട ഒ​രു​ക്ക​ങ്ങ​ളു​മാ​യി ഇ​ന്ന​ലെ ഉ​ത്രാ​ടപ്പാച്ചി​ലി​ലാ​യി​രു​ന്നു എ​ല്ലാ​വ​രും. ഒ​രു​ക്ക​ങ്ങ​ൾ​ക്ക് മാ​റ്റുപോ​രെ​ന്ന ഉ​ൾ​വി​ളി​യു​മാ​യി തി​ര​ക്കി​ട്ട ഒ​രു ഓ​ട്ട​പ്ര​ദ​ക്ഷി​ണം.​

തു​ണി​ക്കട​ക​ളി​ലും, പ​ച്ച​ക്ക​റി വി​ല്പന കേ​ന്ദ്ര​ങ്ങ​ളി​ലും തി​ര​ക്കോ​ട് തി​ര​ക്ക്.​ വാ​ഹ​ന​ങ്ങ​ൾ ഒ​ച്ചി​ഴ​യും വേ​ഗ​ത​യി​ൽ കി​ത​ച്ചുനീ​ങ്ങു​ന്ന അ​വ​സ്ഥ. സ​ദ്യ​വ​ട്ട​ങ്ങ​ൾ‍​ക്കു​ള്ള അ​വ​സാ​നവ​ട്ട ഓ​ട്ട​ത്തി​ലാ​യി​രു​ന്നു എ​ല്ലാ​വ​രും. കാ​ർ‍​ഷി​കരം​ഗ​ത്തെ കൂ​ടി​ച്ചേ​ര​ൽ‍ എ​ന്ന സ​ങ്ക​ല്‍​പ്പ​ത്തി​ൽ‍നി​ന്ന് ഓ​ണം മാറി​യെ​ങ്കി​ലും ഒ​ന്നാംഓ​ണം കൂ​ടി​യാ​യ ഉ​ത്രാ​ട​ദി​നം ആ​വേ​ശ​ത്തി​ന്‍റെ പാ​ര​മ്യ​ത്തി​ലാ​യി​രു​ന്നു.

വെ​ള്ള​പ്പൊ​ക്ക​വും മ​ല​യി​ടി​ച്ചി​ലും ഉ​രു​ൾ​പൊ​ട്ട​ലും ജോലിക്ഷാ​മ​വും എ​ല്ലാം പ്ര​തി​സ​ന്ധി സൃ​ഷ്ടി​ച്ചു​വെ​ങ്കി​ലും ഓ​ണം ആ​ഘോ​ഷി​ക്കാ​തി​രി​ക്കു​ന്ന​തെ​ങ്ങി​നെ​യെ​ന്ന ചി​ന്ത​യാ​യി​രു​ന്നു എ​ല്ലാ​വ​ർ​ക്കും. ഓ​ണ​ക്കോ​ടി​ക്കും ഓ​ണ​സ​ദ്യ​ക്കു​മു​ള്ള അ​വ​സാ​ന ഓ​ട്ട​ത്തി​ലാ​യി​രു​ന്നു നാ​ട്. ഇ​തി​ന് ഗ്രാ​മ ന​ഗ​ര ഭേ​ദ​മി​ല്ല. വി​ള​വെ​ടു​ക്കാ​ന്‍ കൃ​ഷി​യി​ടങ്ങ​ളി​ല്ലെ​ങ്കി​ലും ഉ​ള്ള​തുകൊ​ണ്ട് ഓ​ണം ആ​ഘോ​ഷി​ക്കു​ക​യാ​ണ് എ​ല്ലാ​വ​രും. ഓ​ണ​ക്കോടി യെ​ടു​ക്കാ​നെ​ത്തി​യ​വ​രു​ടെ തി​ര​ക്കാ​യി​രു​ന്നു വ​സ്ത്രവി​പ​ണി​യി​ൽ. ‍


പ​ച്ച​ക്ക​റി​ക​ളും വീ​ട്ടു​സാ​ധ​ന​ങ്ങ​ളും വാ​ങ്ങാ​നു​ള്ള തി​ര​ക്കാ​ണ് മ​റ്റു സ്ഥ​ല​ങ്ങ​ളി​ൽ ക​ണ്ട​ത്. വ​യ​ലും വി​ള​വെ​ടു​പ്പും ഇ​മ്പ​മു​ള്ള കൂ​ടി​ച്ചേ​ര​ലും ഗൃ​ഹാ​തു​ര​ത മാ​ത്ര​മാ​ണെ​ങ്കി​ലും ചി​ല​തെ​ല്ലാം ന​ഷ്ട​മാ​വാ​തെ കാ​ത്തുസൂ​ക്ഷി​ക്കു​ന്നു​ണ്ട് ഓ​രോ മ​ല​യാ​ളി​യു​മെ​ന്ന സാ​ക്ഷ്യ​പ്പെ​ടു​ത്ത​ൽകൂ​ടി​യാ​ണ് ഉ​ത്രാ​ട​പ്പാ​ച്ചി​ൽ പ​ക​ർ​ന്നുത​രു​ന്ന സ​ന്ദേ​ശം. അ​തുമാ​ത്ര​മാ​ണ് ഓ​ണ​ക്കാ​ലം അ​വ​ശേ​ഷി​പ്പി​ക്കു​ന്ന​തും.