പന്നിമടയിൽ നെൽകൃഷി തിന്നും നശിപ്പിച്ചും കാട്ടാനക്കൂട്ടം
1454504
Friday, September 20, 2024 1:55 AM IST
മലമ്പുഴ: ചെറിയ ഇടവേളയ്ക്കു ശേഷം കാട്ടാനക്കൂട്ടം വീണ്ടും പന്നിമടയിലെത്തി. എട്ടിലധികം ആനകളാണ് മൂന്നുദിവസമായി ഈ ഭാഗത്തുള്ളത്. വൈകുന്നേരം കാടിറങ്ങിയെത്തി കതിരിട്ട നെൽകൃഷി തിന്നും ചവിട്ടിയും നശിപ്പിച്ചാണ് കാട്ടാനകൾ മടങ്ങുന്നത്.
പന്നിമട പാടശേഖര സമിതി കൺവീനർ മുണ്ടൻകണ്ടത്ത് വീട്ടിൽ കെ. കലാധരന്റെ രണ്ടേക്കറോളം നെൽകൃഷി പാടേ നശിച്ചു.
മുണ്ടൻകണ്ടത്ത് വീട് അജിത് കുമാറിന്റെ ഒരേക്കറിലധികം നെൽകൃഷിയും കാട്ടാനകൾ നശിപ്പിച്ചു. ഒരേക്കർ കൃഷിഭൂമിയിൽ നാലുചുറ്റും വൈദ്യുതവേലി നിർമിക്കുന്നതിന് കർഷകന് ചെലവ് 15,000 രൂപയിലധികമാണ്.
സമീപത്തുള്ള മരങ്ങൾ പുഴക്കിയെറിഞ്ഞ് തകർത്താണ് ആനക്കൂട്ടം കൃഷിയിടത്തിലേക്ക് ഇറങ്ങുന്നത്. ഓരോ തവണയും അറ്റകുറ്റപ്പണി ചെയ്യുന്നതിനു തന്നെ കർഷകന് നല്ലതുക ചെലവാകും. ഒരേക്കർ കൃഷിയിൽ 2,200 കി ലോയോളം നെല്ലാണ് ലഭിക്കുന്നത്. സർക്കാർ നിശ്ചയിച്ചിട്ടുള്ള വിലയനുസരിച്ച് 66,000 രൂപയാണ് ഒരേക്കർ കൃഷി നശിക്കുമ്പോൾ നഷ്ടമാകുന്നത്. ഈ അവസ്ഥയിൽ ഇനി കൃഷിയിറ ക്കുന്ന കാര്യം ബുദ്ധിമുട്ടാണെന്ന് കർഷകർ പറയുന്നു.
2010 കാലഘട്ടത്തിൽ ഒരേക്കർ കൃഷി വന്യമൃഗങ്ങൾ നശി പ്പിച്ചാൽ കൃഷി ഓഫീസറുടെ ശുപാർശയനുസരിച്ച് 19,800 രൂപ കിട്ടിയിരുന്നു. ഇപ്പോൾ നഷ്ടപരിഹാരത്തുക ഗണ്യമായി കുറഞ്ഞ സാഹചര്യത്തിൽ സർ ക്കാർ ഇടപെട്ട് പ്രശ്നപരിഹാരമുണ്ടാക്കണമെന്നാണ് കർഷകരുടെ ആവശ്യം. വനാതിർത്തിയിലുള്ള വൈ ദ്യുത തൂക്കുവേലി നിർമാണം ദ്രുതഗതിയിൽ പൂർത്തിയാക്കണമെന്നും പാലക്കാട് ഐഐടിക്കു സമീപത്തുള്ള ആനത്താര അടയ്ക്കണമെന്നും കർഷകർ ആവശ്യപ്പെട്ടു.
വനംവകുപ്പിന്റെ ദ്രുതപ്രതികരണ സേന കാട്ടാന എത്തുന്നതറിയുന്ന മുറയ്ക്ക് കാട്ടിലേക്ക് തുരത്തി ഓടിക്കുന്നുണ്ടെന്നും വനംവകുപ്പ് അധികധർ പറഞ്ഞു. ഓടിച്ചുവിടുന്ന കാട്ടാനകൾ മണിക്കൂറുകൾക്കുള്ളിൽ മടങ്ങിവരുന്നുണ്ട്.
പടക്കമെറിഞ്ഞ് ഓടിക്കാനല്ലാതെ മറ്റൊന്നിനും കഴിയാതെ. കഷ്ടപ്പെടുകയാണ് സേന. ആനക്കൂട്ടം വനപാലകർക്കുനേരേ തിരിയുന്നതും സാധാരണമാണെന്ന് വാച്ചർമാർ പറയുന്നു.