അനധികൃത വാഹനപ്പണയം: രണ്ടുപേർ അറസ്റ്റിൽ : 21 വാഹനങ്ങൾ പിടിച്ചെടുത്തു
1458693
Thursday, October 3, 2024 6:51 AM IST
നെന്മാറ: വാഹനപ്പണയത്തിൽ അനധികൃതമായി പണം പലിശയ്ക്കു കൊടുത്ത രണ്ടുപേരെ അറസ്റ്റുചെയ്തു. എലവഞ്ചേരി ചെട്ടിത്തറ വീട്ടിൽ ഹരിദാസ് (36), കുനിശേരി സ്വദേശി അരുൺ (36) എന്നിവരെയാണ് നെന്മാറ പോലീസ് അറസ്റ്റുചെയ്തത്.
പോത്തുണ്ടി തേവർമണിയിൽ വാടകയ്ക്കെടുത്ത ഗോഡൗണിലാണ് പണയമായി സ്വീകരിച്ച വാഹനങ്ങൾ സൂക്ഷിച്ചിരുന്നത്. പോലീസ് പരിശോധനയിൽ കണ്ടെടുത്ത രണ്ടു കാറുകൾ ഉൾപ്പെടെ 21 വാഹനങ്ങൾ പിടികൂടി സ്റ്റേഷനിൽ എത്തിച്ചു. രണ്ടുപേരും ചേർന്നു നെന്മാറ ടൗണിലുള്ള പണമിടപാട് സ്ഥാപനത്തിൽനിന്നും വീട്ടിൽ നിന്നുമായി അനധികൃത വാഹനപ്പണയ വാഹനങ്ങളുടെ രേഖകളും മറ്റും കണ്ടെടുത്തു.
നെന്മാറ പോലീസ് സ്റ്റേഷനിലേക്ക് ഫോണിൽ ലഭിച്ച അജ്ഞാത സന്ദേശത്തെ തുടർന്നാണു വിവരവും ലഭിച്ചത്. സ്റ്റേഷനിൽ ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ കോടതിയിൽനിന്ന് പ്രത്യേക സെർച്ച് വാറണ്ട് ലഭ്യമാക്കിയാണു തേവർമണിയിലെ ഗോഡൗൺ പരിശോധന നടത്തിയത്.
യാതൊരുവിധ നിയമാനുസരണം വേണ്ടതായ അധികാരപത്രവും ഇല്ലാതെ വാഹനങ്ങൾ ഈടുവാങ്ങി പണം പലിശക്ക് കൊടുത്തിരുന്നതായി അന്വേഷണത്തിൽനിന്ന് കണ്ടെത്തി. നെന്മാറ പോലീസ് സബ് ഇൻസ്പെക്ടർ ആർ. രാജേഷ്, ഗ്രേഡ് എസ്ഐ മണികണ്ഠൻ എന്നിവരടങ്ങുന്ന സംഘമാണ് അന്വേഷണം നടത്തിയത്.