പന്നിയങ്കര ടോൾപ്ലാസയിലൂടെ കടന്നുപോകുന്ന സ്കൂൾവാഹനങ്ങൾക്കെല്ലാം വക്കീൽനോട്ടീസ്
1459158
Saturday, October 5, 2024 8:02 AM IST
വടക്കഞ്ചേരി: പന്നിയങ്കര ടോൾപ്ലാസയിലൂടെ കടന്നുപോകുന്ന സ്കൂൾ വാഹനങ്ങൾക്കെല്ലാം ടോൾ കമ്പനിവക വക്കീൽ നോട്ടീസ്. ടോൾപിരിവ് ആരംഭിച്ചതുമുതലുള്ള രണ്ടരവർഷത്തെ ടോൾകുടിശിക 15 ദിവസത്തിനുള്ളിൽ അടയ്ക്കണമെന്നാണു നോട്ടീസിൽ പറയുന്നത്.
അല്ലാത്തപക്ഷം സിവിലായും ക്രിമിനലായും നിയമനടപടി സ്വീകരിക്കുമെന്നു നോട്ടീസിൽ പറയുന്നു. ടോൾപിരിവ് ആരംഭിച്ച 2022 മാർച്ച് ഒമ്പതുമുതൽ 2024 സെപ്റ്റംബർ ഒമ്പതുവരെയുള്ള കുടിശിക 12 ശതമാനം പലിശസഹിതം തൃശൂർ എക്സ്പ്രസ് വേ ഡിമിറ്റഡ് എന്ന സ്ഥാപനത്തിൽ അടയ്ക്കണം.
ടോൾ നൽകാതെ ടോൾറോഡ് വഴി അനധികൃതമായി കടന്നുപോകുന്നതു ഡിറ്റർമിനേഷൻ ഓഫ് റേറ്റ് ആൻഡ് കളക്്ഷൻ റൂൾസ് 2008ന്റെ ലംഘനമാണെന്നാണു വിശദീകരണം. 40,000 രൂപമുതൽ ഒന്നേകാൽ ലക്ഷം വരെയാണു അടയ്ക്കാനുള്ള തുകയായി കാണിച്ചിട്ടുള്ളത്.
വാഹനവിലയെക്കാൾ ഉയർന്ന ടോൾകുടിശികയും ചില വാഹനങ്ങൾക്കു വന്നിട്ടുണ്ട്. അതേസമയം, നേരത്തെ എംഎൽഎ പി.പി. സുമോദിന്റെ നേതൃത്വത്തിൽ സ്കൂൾ വാഹനങ്ങളെ ടോളിൽനിന്നും ഒഴിവാക്കണമെന്നു ചർച്ച നടത്തി തീരുമാനിച്ചിട്ടുളളതായിരുന്നു. ഇതിനു വിപരീതമായാണ് ഇപ്പോൾ വാഹനങ്ങൾക്കു വക്കീൽനോട്ടീസ് നൽകി പുതിയ ഭീഷണിയുമായി ടോൾകമ്പനി രംഗത്തുവന്നിട്ടുള്ളത്.
വിഷയം ചർച്ചചെയ്യാൻ പി.പി. സുമോദ് എംഎൽഎ ഇന്നുച്ചയ്ക്ക് 12ന് വടക്കഞ്ചേരിയിലുള്ള എംഎൽഎ ഓഫീസിൽ ബന്ധപ്പെട്ടവരുടെ യോഗം വിളിച്ചിട്ടുണ്ട്.
ചർച്ചകളിൽ സ്കൂൾ വാഹനങ്ങൾക്ക് അനുകൂലമായ തീരുമാനങ്ങളുണ്ടായില്ലെങ്കിൽ ടോൾപ്ലാസയുടെ പ്രവർത്തനം തടസപ്പെടുത്തുംവിധമുള്ള ശക്തമായ സമരങ്ങളുണ്ടാകുമെന്നു സമരരംഗത്തുള്ള ജനകീയ സമിതി അറിയിച്ചു.