അവിനാശി ആംഗ്ലോ ഇന്ത്യൻ സ്കൂളിനു വ്യാജബോംബ് ഭീഷണി
1459728
Tuesday, October 8, 2024 7:51 AM IST
കോയമ്പത്തൂർ: അവിനാശി റോഡിലെ സ്റ്റാൻസ് ആംഗ്ലോ ഇന്ത്യൻ സ്കൂളിൽ ബോംബ് ഭീഷണിയെതുടർന്ന് പരിഭ്രാന്തി. സ്കൂളിൽ ബോംബ് വച്ചിട്ടുണ്ടെന്നും ഉടൻ സ്ഫോടനം നടക്കുമെന്നുമായിരുന്നു സ്കൂളിനു ലഭിച്ച ഇമെയിൽ സന്ദേശം.
സ്കൂൾ അധികൃതർ ഉടൻതന്നെ വിദ്യാർഥികളെ സുരക്ഷിതസ്ഥാനത്തേക്കുമാറ്റി. സിറ്റി പോലീസിൽ വിവരം അറിയിച്ചതിനെതുടർന്നു പോലീസ് ഉദ്യോഗസ്ഥരും ബോംബ് വിദഗ്ധരും സംഭവസ്ഥലത്തെത്തി പ്രവേശനകവാടം, കാമ്പസ്, ക്ലാസ് മുറികൾ എന്നിവയുൾപ്പെടെ സമഗ്രമായ പരിശോധന നടത്തി. സംഭവം വാർത്തയായതോടെ രക്ഷിതാക്കൾ സ്കൂൾപരിസരത്ത് തടിച്ചുകൂടിയതു പ്രദേശത്തു സംഘർഷാവസ്ഥ സൃഷ്ടിച്ചു.
സംഭവത്തിൽ പോലീസ് അന്വേഷണം തുടരുകയാണ്. കോയമ്പത്തൂരിൽ അടുത്തിടെ തുടർച്ചയായി ഇത്തരം വ്യാജസന്ദേശങ്ങളെത്തുന്നുണ്ട്.
രണ്ടുദിവസം മുമ്പ് ടൂസ്റ്റാർ ഹോട്ടലുകൾക്കും സമാനമായ ഭീഷണികൾ ഉണ്ടായിരുന്നു, അതിനുമുമ്പ് രാമനാഥപുരത്തും സബർബൻ പ്രദേശങ്ങളിലുമുള്ള സ്കൂളുകൾക്കും സമാനമായ ഭീഷണികളുണ്ടായിരുന്നു. എന്നാൽ, ഇതെല്ലാം വ്യാജ കോളുകളായിരുന്നു. ഭീഷണിയുമായി ബന്ധപ്പെട്ട് ഇതുവരെ ആരെയും അറസ്റ്റു ചെയ്യാത്തതിനാൽ പൊതുജനത്തിനു അമർഷമുണ്ട്.