കരിമ്പാറ ജനവാസമേഖലയിൽ കാട്ടാന കൃഷിനാശം തുടരുന്നു
1460249
Thursday, October 10, 2024 7:45 AM IST
നെന്മാറ: കരിമ്പാറ കോപ്പൻകുളമ്പിൽ കാട്ടാന വീട്ടുവളപ്പുകളിലെ കൃഷികൾ നശിപ്പിച്ചു. കഴിഞ്ഞ രണ്ട് ദിവസമായി പുഞ്ചേരി, ചള്ള, ഓവുപാറ, കൽച്ചാടി മേഖലകളിൽ കാട്ടാനയിറങ്ങി കൃഷിനാശം വരുത്തിയിരുന്നു. ചൊവ്വാഴ്ച ഇരുട്ടുന്നതിന് മുമ്പുതന്നെ പൂഞ്ചേരിയിലെ കോളനിയിൽ കാട്ടാന എത്തി. ഇതു ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് വനംവാച്ചർമാരും പ്രദേശവാസികളും ചേർന്ന് രാത്രി പടക്കം പൊട്ടിച്ചും ശബ്ദമുണ്ടാക്കിയും ആനയെ കാട്ടിലേക്ക് തുരത്തിയിരുന്നു. 10 മണി വരെ വാച്ചർമാർ പ്രദേശത്ത് കാവൽ നിന്നിരുന്നു.
എന്നാൽ രാത്രി 11 മണിക്ക് ശേഷം മോഴയാന തൊട്ടടുത്ത പ്രദേശമായ ചള്ള ഭാഗത്ത് കൂടി കൽച്ചാടിപുഴ കടന്നാണ് ജനവാസമേഖലയായ കോപ്പൻ കുളമ്പിൽ എത്തിയത്.
വനമേഖലയിൽ നിന്ന് രണ്ട് കിലോമീറ്ററോളം അകലെയുള്ള ജനവാസ മേഖലയാണിത്. രാവിലെ അഞ്ചുമണിക്ക് റബർ തോട്ടങ്ങളിൽ ടാപ്പിംഗിന് എത്തിയ തൊഴിലാളികളുടെ ഹെഡ് ലൈറ്റുകളുടെ സാനിധ്യമറിഞ്ഞശേഷമാണ് കാട്ടാന മടങ്ങിപ്പോയതെന്ന് ടാപ്പിംഗ് തൊഴിലാളി ഗംഗാധരൻ പുളിക്കൽചിറ പറഞ്ഞു. കോപ്പൻ കുളമ്പിലെ കർഷകരായ എ. ബലേന്ദ്രൻ, എ. മോഹനകൃഷ്ണൻ, കുര്യാച്ചൻ ചെറുപറമ്പിൽ, എ. ഗിരീഷ്, മോഹൻദാസ് പെരുമാങ്കോട്, കെ. ചെന്താമരാക്ഷൻ തുടങ്ങിയ കർഷകരുടെ കൃഷിയിടങ്ങളിലും വീട്ടുപറമ്പുകളിലുമായി നൂറുകണക്കിന് വാഴകൾ, 6 തെങ്ങ്, പച്ചക്കറി കൃഷികൾ, ഫലവൃക്ഷങ്ങൾ എന്നിവ നശിപ്പിച്ചു.
കോപ്പൻകുളമ്പിലെ താമസക്കാരായ മുത്തു, മാധവൻ, എ. മോഹന കൃഷ്ണൻ എന്നിവരുടെ വീടിനോട് ചേർന്ന് 15 മീറ്റർ അടുത്തുള്ള വാഴകൾ വരെ ആന നശിപ്പിച്ചു. കൂടാതെ കൃഷിയിടങ്ങളിലൂടെ തലങ്ങും വിലങ്ങും നടന്ന് ഫലവൃക്ഷങ്ങൾ ഉൾപ്പെടെയുള്ളവ ചവിട്ടിയും പറിച്ചും നശിപ്പിച്ചിട്ടുണ്ട്. കൃഷിനാശം വരുത്തിയ സ്ഥലങ്ങൾ കിഫ ഭാരവാഹികളായ എം. അബ്ബാസ്, അബ്രഹാം പുതുശേരി, ടി.സി. ബാബു, അഹമ്മദ് കുട്ടി തുടങ്ങിയവരുടെ നേതൃത്വത്തിൽ കൃഷിയിടങ്ങൾ സന്ദർശിച്ചു നാശനഷ്ടം വിലയിരുത്തി.
വനമേഖലയോട് ചേർന്ന് സൗരോർജവേലി ഉണ്ടെങ്കിലും പ്രവർത്തനം കാര്യക്ഷമല്ലെന്ന് കർഷകർ പരാതിപ്പെട്ടു. വേലിയുടെ വൈദ്യുത പ്രഹര ശേഷി കുറഞ്ഞതാണ് കാട്ടാന വേലിതകർത്ത് ജനവാസ മേഖലയിലേക്ക് വരാൻ കാരണമെന്ന് പ്രദേശവാസികൾ പരാതിപ്പെട്ടു.
കൃഷിവകുപ്പും വനംവകുപ്പും സംയുക്തമായി മേഖലയിൽ വേലി സ്ഥാപിക്കാമെന്ന് പ്രഖ്യാപിച്ച സൗരോർജവേലിയുടെ പ്രവർത്തനം മാസങ്ങൾ ആയിട്ടും ആരംഭിക്കാത്തതിൽ പ്രദേശവാസികൾ അമർഷം പ്രകടിപ്പിച്ചു.