ഷോളയൂരിൽ കാട്ടാന വീടിന്റെ അടുക്കളയും ആട്ടിൻകൂടും തകർത്തു
1568183
Wednesday, June 18, 2025 1:15 AM IST
അഗളി: ഷോളയൂർ മരുതൻചാളയിൽ വീടിനുനേരെ കാട്ടാനയുടെ ആക്രമണം. ചിന്ന പെരുമാൾ-ശിവകാമി ദമ്പതികളുടെ വീടിനോട് ചേർന്നുള്ള അടുക്കളയും ആട്ടിൻകൂടും കാട്ടാന തകർത്തു. ഇന്നലെ പുലർച്ചെ നാലു മണിയോടെയാണ് വൈദ്യുതിവേലി തകർത്ത് ഒറ്റയാൻ വീട്ടിലെത്തിയത്.
11 മാസം പ്രായമുള്ള കൈക്കുഞ്ഞ് അടക്കം അഞ്ചുമക്കളും വീട്ടിലുണ്ടായിരുന്നു. ആനയുടെ പരാക്രമം കേട്ട് പിൻവാതിൽ തുറന്നു അയൽപക്ക വീട്ടിൽ അഭയം തേടുകയായിരുന്നു എന്ന് ദമ്പതികൾ പറഞ്ഞു.
പുലർച്ചെയോടെ ആന കാട്ടിലേക്ക് മറഞ്ഞു. സംഭവം അറിഞ്ഞു ഫോറസ്റ്റ് ഡെപ്യൂട്ടി റേഞ്ച് ഓഫീസർ സജീവിന്റെ നേതൃത്വത്തിൽ വനംവകുപ്പും ആർആർടി സംഘവും സ്ഥലത്തെത്തി നിരീക്ഷണം നടത്തി. ബ്ലോക്ക് പഞ്ചായത്തംഗം ജി. ഷാജു, ഗ്രാമപഞ്ചായത്തംഗം രുഗ്മിണി, റവന്യൂ ഉദ്യോഗസ്ഥർ തുടങ്ങിയവർ മരുതൻചാളയിലെത്തി ദമ്പതികളെ കണ്ട് ആവലാതികൾ കേട്ടു. നഷ്ടത്തിന് മതിയായ നഷ്ടപരിഹാരം നൽകുമെന്നും പ്രദേശത്ത് നിരീക്ഷണം ശക്തിപ്പെടുത്തുമെന്നും ഫോറസ്റ്റ് അധികൃതർ പറഞ്ഞു.