ഈസ്റ്റ് ഒറ്റപ്പാലം ഹയർസെക്കൻഡറി സ്കൂളിൽ പുതിയ കെട്ടിടം നിർമാണം തുടങ്ങി
1577374
Sunday, July 20, 2025 7:25 AM IST
ഒറ്റപ്പാലം: ഈസ്റ്റ് ഒറ്റപ്പാലം ഗവ. ഹയർസെക്കൻഡറി സ്കൂളിൽ പുതിയ കെട്ടിടത്തിന്റെ നിർമാണം തുടങ്ങി. ബിആർസിക്ക് സമീപത്തെ പഴയ കെട്ടിടം പൊളിച്ചുനീക്കിയാണ് പുതിയ കെട്ടിടത്തിന്റെ നിർമാണം തുടങ്ങിയത്.
2018ലാണ് പദ്ധതി ആരംഭിച്ചത്. പല കാരണങ്ങളാൽ വൈകിയ പദ്ധതി തുടരാൻ ഹൈക്കോടതി ഇടപെടലുകളും വേണ്ടിവന്നിരുന്നു.
വിദ്യാഭ്യാസസംരക്ഷണയജ്ഞം പദ്ധതിയുടെ ഭാഗമായി വിദ്യാലയങ്ങളുടെ അടിസ്ഥാനസൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനു തെരഞ്ഞെടുക്കപ്പെട്ട 27 സ്കൂളുകളിലൊന്നാണ് ഈസ്റ്റ് ഒറ്റപ്പാലം സ്കൂൾ.
3.90 കോടി രൂപ ചെലവിൽ പുതിയ കെട്ടിടം നിർമിക്കാനാണ് അനുമതിയായത്. എന്നാൽ, സാങ്കേതിക കാരണങ്ങളാൽ നിർമാണം വൈകി. തുടർന്ന് പിടിഎ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.
കഴിഞ്ഞ ഒക്ടോബറിൽ നിർമാണം തുടങ്ങാൻ കോടതി ഉത്തരവിട്ടു. നിർമാണച്ചുമതലയുള്ള കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലോക്കൽ അഡ്മിനിസ്ട്രേഷൻ (കില) ദർഘാസ് നടപടികളും തുടങ്ങി. എന്നാൽ നിർമാണം തുടങ്ങണമെങ്കിൽ പഴയ കെട്ടിടം പൊളിക്കണമെന്ന നില വന്നു.
നഗരസഭ ദർഘാസ് വിളിച്ചാണ് പിന്നീട് പൊളിക്കാൻ തുടങ്ങിയത്. ഇതും ഇടയിൽ നിലയ്ക്കുന്ന സ്ഥിതിയുണ്ടായതോടെ വീണ്ടും കില നഗരസഭയെ സമീപിച്ചു. തുടർന്ന് നഗരസഭ പുതിയ കരാറുകാരനെ ചുമതലപ്പെടുത്തി കഴിഞ്ഞ മേയ് മാസത്തിലാണ് കെട്ടിടം പൊളിച്ചുനീക്കിയത്.