ജലസംരക്ഷണത്തില്‍ സുസ്ഥിര തൃത്താല പദ്ധതി മാതൃകയെന്നു മന്ത്രി എം.ബി. രാജേഷ്
1577393
Sunday, July 20, 2025 7:26 AM IST
തൃത്താല: ജലസംരക്ഷണത്തില്‍ കേരളത്തിനുപുറത്തും സുസ്ഥിര തൃത്താല മികച്ച മാതൃകയെന്നു മന്ത്രി എം.ബി. രാജേഷ്. തൃത്താല ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ കിഴങ്ങുവിള വിത്തുഗ്രാമങ്ങളും വികേന്ദ്രീകൃത വിത്തുത്പാദകരും പദ്ധതി -സീഡ് ഗ്രാം 2025-30 ന്റെ ജില്ലാതല ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി.
ജലദൗര്ലഭ്യതയില് പരിഹാരം കാണാനായത് സുസ്ഥിര തൃത്താലയുടെ നേട്ടമാണെന്നും മന്ത്രി പറഞ്ഞു. ജലസംരക്ഷണത്തിലൂടെ കാര്‍ഷിക മേഖലയിലും അഭിവൃദ്ധി കൈവരിക്കാനായി.
കിഴങ്ങ് കൃഷിയുടെ സാധ്യതകള്‍ ഉപയോഗപ്പെടുത്തി പദ്ധതി കൂടുതല്‍ ജനകീയമാക്കുന്നതിലൂടെ അത്ഭുതകരമായ മാറ്റംവരുത്താന്‍ സാധിക്കുമെന്നും മന്ത്രി കൂട്ടിചേര്‍ത്തു.
സംസ്ഥാനത്തെ മാതൃകാപദ്ധതികളിലൊന്നായി സുസ്ഥിര തൃത്താല മാറി. സുസ്ഥിര തൃത്താലയുടെ വിജയം മുന്‍നിര്‍ത്തി കുടുംബശ്രീ ഓണത്തോടനുബന്ധിച്ച് 25000 ഏക്കറില്‍ കൃഷി ചെയ്യാനൊരുങ്ങുകയാണെന്നു മന്ത്രി പറഞ്ഞു.
പരിപാടിയുടെ ഭാഗമായി കിഴങ്ങുവിളകളുടെ പുതിയ ഇനങ്ങളെയും പുതിയ സാങ്കേതിക വിദ്യകളെയും മൂല്യവര്‍ധിത ഉത്പന്നങ്ങളേയും പരിചയപ്പെടുത്താനായി കാര്‍ഷിക പ്രദര്‍ശനവും സംഘടിപ്പിച്ചു. കേന്ദ്ര കിഴങ്ങുവിള ഗവേഷണകേന്ദ്രം, സുസ്ഥിര തൃത്താല പദ്ധതി, കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പ്, തദ്ദേശ സ്വയംഭരണ വകുപ്പ് എന്നിവ സംയുക്തമായാണ് സീഡ് ഗ്രാം പദ്ധതി നടപ്പാക്കുന്നത്. മുന്തിയ കിഴങ്ങു വിളഇനങ്ങളുടെ വിത്തിന്റെ ലഭ്യത ഉറപ്പാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം.
തൃത്താലയിലെ തെഞ്ഞെടുക്കപ്പെട്ട 50 പട്ടികജാതി വിഭാഗം കര്‍ഷകരാണ് പദ്ധതിക്കു നേതൃത്വം നല്‍കുന്നത്. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.ആര്. കുഞ്ഞുണ്ണി അധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് അംഗം ഷാനിബ ടീച്ചര്‍, പട്ടാമ്പി കൃഷി വിജ്ഞാന കേന്ദ്രം മേധാവി സുമിയ, നവകേരളം കോ- ഓര്‍ഡിനേറ്റര്‍ പി. സെയ്തലവി, സിടിസിആര്‍ഐ പ്രിന്‍സിപ്പല്‍ സയന്റിസ്റ്റ് കെ. സുനില്‍ കുമാര്‍, കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍ മാരിയത്ത് കിബിത്തിയ, കൃഷി വകുപ്പുദ്യോഗസ്ഥര്‍, കര്‍ഷകര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.