പോലീസ് മുഖത്തടിച്ചെന്നു വനിതാനേതാവ്
1592487
Thursday, September 18, 2025 1:15 AM IST
പാലക്കാട്: കാക്കിക്കുള്ളിലെ കാട്ടാളത്തം അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് കെഎസ്യു നടത്തിയ ജില്ലാ പോലീസ് സൂപ്രണ്ട് ഓഫീസ് മാര്‍ച്ചിനുനേരേ പോലീസ് അതിക്രമം.
വനിതാപ്രവര്‍ത്തകയെ മുഖത്തടിച്ച പോലീസ് സമരക്കാരെ വലിച്ചിഴച്ചാണ് അറസ്റ്റ് ചെയ്തുനീക്കിയത്. നാലുതവണ ജലപീരങ്കി പ്രയോഗിച്ചിട്ടും പിരിഞ്ഞു പോകാതെനിന്ന പ്രവര്ത്തകര്ക്കുനേരേയാണ് പോലീസ് രൂക്ഷമായ പ്രത്യാക്രമണം നടത്തിയത്.
നിരവധി പ്രവര്‍ത്തകര്‍ക്ക് അടിയേറ്റു. ഒരു പ്രവര്ത്തകന് ആശുപത്രിയില്‍ ചികിത്സ തേടി.
വടക്കാഞ്ചേരിയില്‍ വിദ്യാര്ഥിസംഘര്ഷവുമായി ബന്ധപ്പെട്ട് അറസ്റ്റുചെയ്ത കെഎസ്യു പ്രവര്‍ത്തകരെ വിലങ്ങും മുഖംമൂടിയും അണിയിച്ച് കോടതിയില്‍ ഹാജരാക്കിയ സംഭവം ഉള്‍പ്പടെ ഉയര്‍ത്തിക്കാട്ടി കോട്ടമൈതാനത്ത് നിന്നാരംഭിച്ച മാര്‍ച്ച് എസ്പി ഓഫീസിന് നൂറുവാര അകലെ പോലീസ് ബാരിക്കഡ് തീര്‍ത്ത് തടഞ്ഞു. തുടര്‍ന്ന് പ്രതിഷേധിച്ച വിദ്യാര്‍ഥിനികള്‍ ഉള്‍പ്പെടെയുള്ള സമരക്കാര്‍ ബാരിക്കേഡിനു മുന്നില്‍ കുത്തിയിരുന്നു. സമരം കെപിസിസി മെംബര്‍ റിജില്‍ ചന്ദ്രന് മാക്കുറ്റി ഉദ്ഘാടനം ചെയ്തു.
ഉദ്ഘാടനം കഴിഞ്ഞിട്ടും സമരക്കാര്‍ പ്രതിഷേധം ശക്തമാക്കിയതിനെ തുടര്‍ന്നാണ് പോലീസ് ജലപീരങ്കി ഉപയോഗിച്ചത്. ജലപീരങ്കിയില്‍ വനിതാ പ്രവര്‍ത്തകരടക്കം തെറിച്ചു വീണു. പ്രതിരോധം മറികടന്ന് ബാരിക്കേഡുകള്‍ ചാടിക്കടക്കാന്‍ ശ്രമിച്ചവരെ പോലീസ് നീക്കി.
അറസ്റ്റിനിടെയാണ് കെഎസ്യു നേതാവ് ഗൗജ വിജയകുമാറിന്റെ മുടിക്കുത്തിനു പിടിച്ച് പോലീസ് മുഖത്തടിച്ചത്. അറസ്റ്റിന് തയാറായിനിന്ന തന്നെ യാതൊരു പ്രകോപനവുമില്ലാതെ വനിതാ പോലീസ് ഉദ്യോഗസ്ഥ മുഖത്തടിക്കുകയായിരുന്നുവെന്ന് ഗൗജാ വിജയകുമാര്‍ പറഞ്ഞു. മുന്‍പും ഇതേ പോലീസ് ഉദ്യോഗസ്ഥ കെഎസ്യു വിദ്യാര്‍ഥിനികളെ മര്‍ദിച്ചിട്ടുണ്ടെന്നും ഗൗജ ആരോപിച്ചു.
കെഎസ്യു ജില്ലാ പ്രസിഡന്റ് നിഖില്‍ കണ്ണാടി അദ്ധ്യക്ഷത വഹിച്ചു.
നേതാക്കളായ ഗൗജ വിജയകുമാര്‍, അജാസ് കുഴല്‍മന്ദം, ഡിജു, സ്മിജാ രാജന്, ദിലീപ് നെല്ലിയാമ്പതി, രോഷിത്, നിഥിന് ഫാത്തിമാ. അനുജ് ഹരിദാസ്, ആകാശ് കുഴല്‍മന്ദം, ഷിഫ, യൂത്ത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് കെ.എസ്. ജയഘോഷ് തുടങ്ങിയവര്‍ നേതൃത്വം നല്കി.