മരിച്ചെന്നു രേഖപ്പെടുത്തി വോട്ടർപട്ടികയിൽനിന്ന് പേര് നീക്കംചെയ്തതായി പരാതി
1592489
Thursday, September 18, 2025 1:16 AM IST
നെന്മാറ: പഞ്ചായത്ത് വോട്ടർപട്ടികയിൽ വോട്ടർമാരെ മരിച്ചതായി രേഖപ്പെടുത്തി നീക്കംചെയ്തതായും വാർഡ് മാറ്റി ലിസ്റ്റ് തയാറാക്കിയതായും പരാതി. ജൂലൈ 23ന് പ്രസിദ്ധീകരിച്ച വോട്ടർപട്ടികയിൽ ഉൾപ്പെട്ടവരെയാണ് ഈ മാസം രണ്ടാംതീയതി പ്രസിദ്ധീകരിച്ച അന്തിമ വോട്ടർപട്ടികയിൽ ഒഴിവാക്കിയത്.
കാരണമാരാഞ്ഞപ്പോൾ മരണപ്പെട്ടതായും താമസം മാറ്റിയതായുമാണ് രേഖപ്പെടുത്തിയിരിക്കുന്നത്. അയിലൂർ പഞ്ചായത്തിലെ മൂന്നാംവാർഡ്, പത്താംവാർഡ് എന്നിവിടങ്ങളിലെ നീക്കം ചെയ്ത വോട്ടർമാരും ഇതു സംബന്ധിച്ച് ജില്ലാകളക്ടർക്ക് പരാതി നൽകി.
ഇതു സംബന്ധിച്ച് അയിലൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയും ജില്ലാ കളക്ടർക്ക് പരാതി നൽകി. പത്താം വാർഡിലെ ബീവി ഉമ്മ, യൂസഫ് എന്നിവരെയാണ് മരിച്ചതായി രേഖപ്പെടുത്തി നീക്കം ചെയ്തത്. മൂന്നാം വാർഡിലെ ഷീജ ആതിര എന്നിവരെ നീക്കം ചെയ്ത് നാലാം വാർഡിൽ ഉൾപ്പെടുത്തി ലിസ്റ്റ് പ്രസിദ്ധീകരിച്ചിട്ടുള്ളത്. ഇത്തരത്തിൽ നിരവധിപേരെ വോട്ടർപട്ടികയിൽനിന്ന് അവരറിയാതെതന്നെ നീക്കം ചെയ്തിട്ടുള്ളതായി കോൺഗ്രസ് ആരോപിച്ചു.