പാലക്കാട്: ഇതരസംസ്ഥാന ശബരിമല തീർത്ഥാടകർക്ക് സൗകര്യം ഒരുക്കുന്നതിനായി മോട്ടോർ വാഹന വകുപ്പിന്റെ നേതൃത്വത്തിൽ സേഫ് കോറിഡോർ പദ്ധതിക്ക് ജില്ലയിൽ തുടക്കമായി. ജില്ലയിലൂടെയുള്ള തീർത്ഥാടകയാത്ര സുരക്ഷിതമാക്കാനുള്ള മോട്ടോർ വാഹനവകുപ്പ് എൻഫോഴ്സ്മെന്റ് വിഭാഗം റോട്ടറി ക്ലബ് പാലക്കാട് ഈസ്റ്റുമായി സഹകരിച്ചു നടത്തുന്ന പദ്ധതി ജില്ലാ കളക്ടർ ഡി.ബാലമുരളി ഉദ്ഘാടനം ചെയ്തു.
മോട്ടോർ വാഹന വകുപ്പിന്റെ പട്രോൾ വാഹനങ്ങൾ ജില്ലാ പോലീസ് മേധാവി ജി.ശിവവിക്രം ഫ്ളാഗ് ഓഫ് ചെയ്തു. അപകടങ്ങൾ ഒഴിവാക്കുക, തീർത്ഥാടകരുടെ വാഹനങ്ങൾക്ക് ആവശ്യമായ സൗകര്യങ്ങൾ നല്കുക എന്നിവയാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യങ്ങൾ.
കർണാടക, തമിഴ്നാട്, ആന്ധ്രാപ്രദേശ് എന്നിവിടങ്ങളിൽ നിന്നായി നൂറുക്കണക്കിന് വാഹനങ്ങളാണ് ശബരിമല മണ്ഡലപൂജ കാലയളവിൽ പാലക്കാട് വഴി കടന്നുപോകുന്നത്. മറ്റു സംസ്ഥാനത്തുനിന്നും കേരളത്തിലേക്കെത്തുന്ന 40 ശതമാനം വാഹനങ്ങളും ജില്ലയിലൂടെയാണ് പ്രവേശിക്കുന്നതെന്ന് ജില്ലാ കളക്ടർ ഡി.ബാലമുരളി പറഞ്ഞു.
ദീർഘദൂര യാത്രയ്ക്കിടയിൽ ഇതരസംസ്ഥാന വാഹനയാത്രക്കാർക്ക് ഉണ്ടാകുന്ന ബുദ്ധിമുട്ടുകൾ പരിഹരിക്കാൻ ഇത്തരമൊരു പദ്ധതി ആവിഷ്കരിച്ച മോട്ടോർ വാഹനവകുപ്പിനെയും പദ്ധതിയുമായി സഹകരിക്കുന്ന റോട്ടറി ക്ലബ്ബിനെയും ജില്ലാ കളക്ടർ അഭിനന്ദിച്ചു.
പദ്ധതിക്കായി മണപ്പുള്ളിക്കാവ് റോട്ടറി ക്ലബ് ഹാളിൽ സജ്ജീകരിച്ച കണ്ട്രോൾ റൂമും ജില്ലാ കളക്ടർ ഉദ്ഘാടനം ചെയ്തു. ഡെപ്യൂട്ടി ട്രാൻസ്പോർട്ട് കമ്മീഷണർ എം.സുരേഷ്, ആർടിഒ എൻ.കെ.ശശികുമാർ, ആർടി ഒ (എൻഫോഴ്സ്മെന്റ്) പി.ശിവകുമാർ, റോട്ടറി ക്ലബ് ഭാരവാഹികളായ ഭാസ്കർ ടി.നായർ, എൻ.സി.കൃഷ്ണൻ, നാഷണൽ ഹൈവേ അതോറിറ്റി അധികൃതർ പ്രസംഗിച്ചു.
ആംബുലൻസ് മുതൽ
വാഹന സൗകര്യങ്ങൾ വരെ
പദ്ധതി നടപ്പാക്കുന്നതിനായി ജില്ലാ അതിർത്തിയായ വാളയാർ മുതൽ വടക്കഞ്ചേരി വരെ ദേശീയപാതയിൽ മോട്ടോർ വാഹന വകുപ്പിന്റെ വാഹനങ്ങൾ 24 മണിക്കൂറും പട്രോളിങ് നടത്തും. യാത്രയ്ക്കിടയിൽ തകരാറിലാകുന്ന തീർത്ഥാടക വാഹനങ്ങൾ സമീപത്തെ വർക്ക്ഷോപ്പിൽ എത്തിക്കാനുള്ള സൗകര്യവും ഒരുക്കും. ആവശ്യമെങ്കിൽ മറ്റു വാഹനസൗകര്യം ഏർപ്പാടാക്കി നൽകും. ഇതിനായി 24 മണിക്കൂർ പ്രവർത്തിക്കുന്ന പ്രത്യേക കണ്ട്രോൾ റൂം ദേശീയപാതയിലെ മണപ്പുള്ളിക്കാവ് റോട്ടറി ക്ലബ്ബ് ഹാളിൽ താഴത്തെ നിലയിൽ ക്രമീകരിച്ചിട്ടുണ്ട്.
ആംബുലൻസ്, റിക്കവറി വാഹനങ്ങൾ, വർക്ക്ഷോപ്പ് എന്നീ സൗകര്യങ്ങളും ആവശ്യമായാൽ ബദൽവാഹനങ്ങളും മോട്ടോർ വാഹന വകുപ്പിന്റെ മേൽനോട്ടത്തിൽ തീർത്ഥാടകർക്ക് ലഭ്യമാക്കും. ദേശീയപാതയിൽ വാളയാർ വാണിയംപാറ, ഗോപാലപുരം പാലക്കാട്, ഗോവിന്ദപുരം വടക്കാഞ്ചേരി, പാലക്കാട് ഒറ്റപ്പാലം പട്ടാന്പി എന്നീ പാതകളിൽ മോട്ടോർ വാഹന വകുപ്പിന്റെ ഹെൽപ്പ് ലൈൻ നന്പർ 9496613109 പ്രദർശിപ്പിക്കുന്ന ബോർഡുകളും പോസ്റ്ററുകളും സ്ഥാപിച്ചിട്ടുണ്ട്. കൂടാതെ വാളയാർ ടോൾ ഗേറ്റിൽ ശബരിമല യാത്രക്കാർക്ക് സുരക്ഷിത യാത്രയെ കുറിച്ചുള്ള ലഘുലേഖകൾ വിതരണം ചെയ്യും.
ക്യാമറ ഇല്ലാത്ത ഭാഗങ്ങളിൽ ഇന്റർസ്പെക്ടർ ഉപയോഗിച്ച് അമിതവേഗത പരിശോധന നടത്തും. മുൻവർഷങ്ങളിൽ മോട്ടോർ വാഹന വകുപ്പിന്റെ നേതൃത്വത്തിൽ പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിലായി സേഫ് കോറിഡോർ പദ്ധതി വിജയകരമായി നടപ്പാക്കിയിട്ടുണ്ട്.