അഗളി: അട്ടപ്പാടിയിലെ മുതിർന്ന കമ്യൂണിസ്റ്റ് നേതാവ് പുതൂർ മേലെ മഞ്ചിക്കണ്ടി ഉൗരിലെ കൊയമൂപ്പൻ(97) നിര്യാതനായി. മഞ്ചിക്കണ്ടി ഉൗരിലെ വീട്ടിലായിരുന്നു മരണം. അട്ടപ്പാടിയിലെ ആദ്യകാല കമ്യൂണിസ്റ്റ് പാർട്ടി പ്രവർത്തകനായിരുന്ന കോയമൂപ്പൻ, കൊങ്ങശേരി കൃഷ്ണ, ഗോപാലനുണ്ണി, കെ.വി. ഇബ്രാഹിം തുടങ്ങിയ പ്രമുഖരോടൊപ്പമാണ് രാഷ്ട്രീയപ്രവർത്തനം തുടങ്ങിയത്. 35 വർഷം പുതൂർ പഞ്ചായത്തംഗമായിരുന്ന മൂപ്പൻ 30 കൊല്ലം പഞ്ചായത്ത് പ്രസിഡന്റായിരുന്നു.
സംസ്കാരം ഉൗരുവക ശ്മശാനത്തിൽ നടത്തി. ഭാര്യ നഞ്ചി. മക്കൾ: ഈശ്വരൻ, ചെല്ലി, മാസാണി, വള്ളി, പരേതരായ മരുതി, കാളി.
എങ്കൾ ഭൂമി എങ്കൾക്ക്, കുഴൽവെള്ളം എങ്കൾക്ക്, കാൽവിളക്ക് എങ്കൾക്ക് തുടങ്ങിയ മുദ്രാവാക്യങ്ങൾ ഉയർത്തി നിരവധി സമരങ്ങൾക്കു ചുക്കാൻ പിടിച്ചു.
പുതൂർ അഗളി പഞ്ചായത്തുകളെ ബന്ധിപ്പിച്ചുകൊണ്ട് ഭവാനിപ്പുഴയ്ക്കു കുറുകെ പാലത്തിനുവേണ്ടി മരണംവരെ നിരാഹാര സമരം തുടങ്ങി അവകാശം സ്ഥാപിച്ചെടുത്ത മുന്നണിപ്പടയാളിയുമായിരുന്നു കോയമൂപ്പൻ. വാർധക്യസഹജമായ രോഗങ്ങൾ അലട്ടിയിരുന്നെങ്കിലും ഒരാഴ്ച മുന്പുവരെ പാർട്ടി പ്രവർത്തനങ്ങളിൽ സജീവമായിരുന്നുവെന്നു പ്രവർത്തകർ പറഞ്ഞു.
സമൂഹത്തിലെ വിവിധ തുറകളിലുള്ളവർ സംസ്കാരചടങ്ങിൽ പങ്കെടുത്തു.
സിപിഐ സംസ്ഥാന എക്സിക്യൂട്ടീവ് അംഗം ചാമുണ്ണി, ജില്ലാ സെക്രട്ടറി സുരേഷ് രാജ്, സംസ്ഥാന കമ്മിറ്റി അംഗം മല്ലിക, എക്സിക്യൂട്ടീവ് അംഗംങ്ങളായ സെയ്തലവി, സുമലത, സിദ്ധാർത്ഥൻ, കാഞ്ഞിരപ്പുഴ പഞ്ചായത്ത് പ്രസിഡന്റ് മണികണ്ഠൻ പൊറ്റശേരി, ഈശ്വരി രേശൻ, സി രാധാകൃഷ്ണൻ, റോയ് കപ്പിലുമാക്കൽ, ജോസ് പണക്കാമറ്റം. എ.കെ.എസ് ജില്ലാ സെക്രട്ടറി എം. രാജൻ, കോണ്ഗ്രസ് നേതാക്കളായ പി.സി. ബേബി, ഷിബു സിറിയക്, ജോബി കുരീക്കാട്ടിൽ, പി.ഐ. ജോർജ് തുടങ്ങി നിരവധി പ്രമുഖർ അന്തിമോപചാരം അർപ്പിച്ചു.