മലയോര പാതയ്ക്ക് 15 കോടി;പൂവാറൻതോട് ആഹ്ലാദത്തിൽ
Thursday, July 14, 2016 12:36 PM IST
കൂടരഞ്ഞി: മലയോര ഗ്രാമങ്ങളുടെ ചിരകാല ആവശ്യമായ കൂടരഞ്ഞി–പൂവാറൻതോട്–നായാടംപൊയിൽ– ചാലിയാർ–നിലമ്പൂർ റോഡിന് ബജറ്റിൽ 15 കോടി രൂപ വകയിരുത്തിയ ഇടതുസർക്കാരിന് അഭിനന്ദനം ചൊരിഞ്ഞ് നാട്ടിലെങ്ങും ഫ്ളക്സ് ബോർഡുകൾ. കോഴിക്കോട്–മലപ്പുറം ജില്ലകളെ ബന്ധിപ്പിക്കുന്ന മലയോര പാത 12 മീറ്റർ വീതിയിൽ ടാർ ചെയ്യുന്നതിനാണ് സ്‌ഥലം എംഎൽഎ ജോർജ്.എം.തോമസിന്റെ ശ്രമഫലമായി 15 കോടി രൂപ വകയിരുത്തിയത്. നിരന്തരം അവഗണിക്കപ്പെട്ട് കിടന്നിരുന്ന പൂവാറൻതോട് മേഖലയ്ക്ക് ഉണർവ് പകരുന്നതാണ് ബജറ്റ് പ്രഖ്യാപനം.

കൂടരഞ്ഞി മുതൽ കുളിരാമുട്ടി വഴി പൂവാറൻതോട് വരെ വീതി കുറഞ്ഞ പൊതുമരാമത്ത് റോഡ് നിലവിലുണ്ട്. തിരുവമ്പാടിയിൽ നിന്ന് രണ്ട് കെഎസ്ആർടിസി ബസുകൾ ഇവിടേക്ക് സർവീസ് നടത്തുന്നുണ്ട്. പൂവാറൻതോടിൽ നിന്ന് ചെങ്കുത്തായ കുന്നുകൾ താണ്ടിവേണം നായാടംപൊയിലിലെത്താൻ.

ഇടതുപക്ഷം അധികാരത്തിലേറിയാൽ മലയോര പാത യാഥാർഥ്യമാക്കുമെന്ന് കഴിഞ്ഞ തെരഞ്ഞെടുപ്പ് വേളയിൽ ജോർജ്.എം.തോമസ് ഉറപ്പു നൽകിയിരുന്നു. തീരുമാനം വേഗത്തിലായതിൽ സർക്കാരിനോട് നന്ദി പറയുകയാണ് നാട്ടുകാർ.